ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഒരു തടാകമുണ്ട്. പേര് 'സ്‌പോട്ടെഡ് ലേക്ക്'. ഒരു തടാകത്തിന് എന്താ ഇത്ര പ്രത്യേകത എന്ന് ചോദിക്കാൻ വരട്ടെ.
വസന്ത കാലത്തും ശൈത്യ കാലത്തും ഈ തടാകത്തിന് പറയത്തക്ക പ്രത്യേകതകളൊന്നും തന്നെയില്ല. എന്നാൽ വേനൽക്കാലമാകുമ്പോൾ കഥ മാറും. വേനൽ കടുക്കുന്നതോടെ തടാകത്തിലെ വെള്ളം ബാഷ്പീകരിക്കാൻ തുടങ്ങും. ഇങ്ങനെ തടാകത്തിലെ ജലത്തിന്റെ അളവ് കുറഞ്ഞ് അവിടവിടെയായി ചില കുഴികൾ മാത്രം അവശേഷിക്കും. ഈ കുഴികളെല്ലാം തന്നെ പല നിറത്തിനുള്ളവയായിരിക്കും. ഈ സമയത്ത് തടാകം ശരിക്കും പോൾക്കാ ഡോട്സ് പതിച്ച ഒരു തുണി കഷണത്തെ ഓർമ്മിപ്പിക്കും.
ഉയർന്ന അളവിലുള്ള മിനറലുകളുടെ സാനിദ്ധ്യമാണ് തടാകത്തിന് ഈ നിറഭേദങ്ങൾ സമ്മാനിക്കുന്നത്. സമീപത്തെ കുന്നുകളിൽ നിന്നും ഒഴുകി വരുന്ന കാത്സ്യം, മഗ്നീഷ്യം, സൾഫേറ്റ് തുടങ്ങിയ മിനറലുകൾ തടാകത്തിൽ സംഭരിക്കപ്പെടുന്നു. ഇവയുടെ അളവിലെ വ്യതിയാനം നിറഭേദങ്ങൾക്ക് കാരണമാകുന്നു. പ്രദേശവാസികൾ തടകാത്തിനെ ഒരു പുണ്യസ്ഥലമായാണ് കണക്കാക്കുന്നത്. ഓരോ നിറത്തിലുള്ള കുഴികൾക്കും ഓരോ ഔഷധ ഗുണമുണ്ടെന്നാണ് അവരുടെ വിശ്വാസം. വേനൽക്കാലത്ത് തടാകം സന്ദർശിക്കുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.