തിരുവനന്തപുരം: ഞാനും ആറ് സ്ത്രീകളും ശനിയാഴ്ച ശബരിമലയിൽ കയറുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ' കേരള കൗമുദി ഫ്ളാഷി"നോട് പറഞ്ഞു. ഇതിനായി നാളെ ഞങ്ങൾ കേരളത്തിലെത്തും. കഴിഞ്ഞദിവസം റിവ്യൂ ഹർജി ഫയലിൽ സ്വീകരിച്ചപ്പോഴും സുപ്രീംകോടതി യുവതികൾക്ക് പ്രവേശനം അരുത് എന്നല്ലല്ലോ പറഞ്ഞിട്ടുള്ളത്. മണ്ഡലകാലത്ത് ശബരിമലയിലെത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തൃപ്തി ദേശായി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
സുരക്ഷയ്ക്ക് കത്ത് നൽകി
ശബരിമലയിൽ വരുമ്പോൾ സുരക്ഷ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് രേഖാമൂലം ഞാൻ കത്ത് നൽകിയിട്ടുണ്ട്. നാളെ ഞങ്ങൾ കേരളത്തിലെത്തും, 17ന് ശബരിമല. അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്. തിരിച്ചുപോകാനുള്ള വിമാനടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിട്ടില്ല. എന്തുവന്നാലും ഈ മണ്ഡലകാലത്തുതന്നെ അയ്യപ്പസ്വാമിയെ കണ്ട് തൊഴുതിട്ടേ തിരികെപ്പോകൂ. വധഭീഷണികളും പ്രതിഷേധങ്ങളും ഒരുപാടാണ്. ഞരമ്പുമുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് വരെ പറഞ്ഞ് വിളിക്കുന്നവരുണ്ട്.
പൂർണവിശ്വാസം
ചർച്ചകൾ നടത്തുകയോ അഭിപ്രായങ്ങൾ ആരായുകയോ, എന്തുചെയ്താലും കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ അയ്യപ്പനെ കാണാനെത്തുന്ന യുവതികൾക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും കേരളത്തിലെ സർക്കാർ ഒരുക്കി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന്റെ തീരുമാനം സ്ത്രീകൾക്ക് അനുകൂലമാകും എന്നതിൽ എനിക്ക് പൂർണവിശ്വാസമുണ്ട്. റിവ്യൂ പെറ്റീഷനുമേൽ നടപടികളുണ്ടാകുക ജനുവരി 22ന് ശേഷം മാത്രമാണല്ലോ.
ചർച്ചകൾ നടക്കട്ടെ
ഇന്ന് തന്ത്രി കുടുംബവുമായും മറ്റും സർക്കാർ ചർച്ച നടത്തുമെന്നാണ് വാർത്തകളിലൂടെ അറിഞ്ഞത്. ചർച്ചകൾ നടക്കട്ടെ. അത് ജനാധിപത്യ സർക്കാരെന്ന നിലയിൽ അവരുടെ ചുമതലയാണല്ലോ. പക്ഷേ, ആത്യന്തികമായി യുവതീ പ്രവേശനത്തെ ചോദ്യം ചെയ്യുന്നതോ വെല്ലുവിളിക്കുന്നതോ ആയ നിലപാട് സർക്കാർ സ്വീകരിക്കില്ല എന്നാണ് പ്രതീക്ഷ. അങ്ങനെ ചെയ്താൽ അത് കോടതിയലക്ഷ്യമാകുമെന്ന കാര്യം മറ്റാരെക്കാളും നന്നായി സർക്കാരിന് അറിയാമെന്നാണ് കരുതുന്നത്.
രാഷ്ട്രീയ പ്രശ്നമാക്കരുത്
സുപ്രീംകോടതി വിധിയിൽ ഭക്തന്മാരുടെ വിശ്വാസത്തെ തുടർന്ന് ഉണ്ടായിട്ടുള്ള ആശങ്കയിൽ രാഷ്ട്രീയം കലർത്താനാണ് കേരളത്തിലെ ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.
പക്ഷേ, ശരിക്കും ഇതിനെ രാഷ്ട്രീയപ്രശ്നമായി കാണരുത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് മേലുള്ള കടന്നുകയറ്റമാണ്. അങ്ങനെതന്നെ കണ്ടെങ്കിൽ മാത്രമേ പരിഹാരമുണ്ടാവൂ.
പ്രതിഷേധങ്ങൾ വകവയ്ക്കുന്നില്ല
മലകയറാനെത്തിയ സ്ത്രീകളെ നേരത്തെ ഏതൊക്കെ രീതിയിൽ തടഞ്ഞു, തെറിവിളിച്ചു, മർദ്ദിച്ചു,
വളഞ്ഞിട്ട് ആക്രമിച്ചു. ശരിക്കും ഇതൊക്കെ യഥാർത്ഥ അയ്യപ്പ ഭക്തന്മാർ ചെയ്യുന്നതാണെന്നാണോ കരുതുന്നത്. ഇതൊന്നും അയ്യപ്പഹിതമല്ല.
ഇത്രയൊക്കെ പ്രതിഷേധങ്ങൾക്കിടയിലും മലകയറാൻ തീരുമാനിച്ചുതന്നെയാണ് വരുന്നത്. പ്രതിഷേധങ്ങൾ ഒന്നുംതന്നെ വകവയ്ക്കുന്നില്ല.
ഞാൻ നല്ല ഭക്ത
ഞാൻ നല്ല ഭക്തയാണ്. ദൈവത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധയുള്ളതുകൊണ്ടാണ് ഇതിനുമുമ്പും ക്ഷേത്രങ്ങളിൽ പ്രവേശിച്ചിട്ടുള്ളതും മറ്റുള്ളവരുടെ പ്രവേശനത്തിനായി പരിശ്രമിച്ചിട്ടുള്ളതും.
ഇതൊക്കെ ഭക്തിയുടെ പേരിലാണ്, പക്ഷേ ഭക്തയെന്ന ലേബലിലല്ല.