റോം: ചിലന്തി ഇരപിടിക്കാനായി വല നെയ്യുന്നത് കാണാത്തവരുണ്ടാവില്ലല്ലോ? എത്ര കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ചിലന്തി തന്റെ ദൗത്യം പൂർത്തിയാക്കുന്നത്. അതേ വിദ്യ മനുഷ്യനു വേണ്ടി ഉപയോഗപ്പെടുത്തിയാലോ. അത്തരമൊരു തയ്യാറെടുപ്പിലാണ് ഇറ്റലിയിലെ ട്രെൻഡോ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രഞ്ജർ. ചിലന്തിയുടെ സഹായത്തോടെ കാർബണിന്റെ ഒരു രൂപാന്തരമായ ഗ്രാഫീൻ ഉപയോഗിച്ചു കൊണ്ട് ഒരു മനുഷ്യന്റെ ഭാരം താങ്ങാൻ തക്ക കരുത്തുള്ള വല നിർമ്മിക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്. ഗ്രാഫീൻ ആഹാരത്തിലൂടെയോ വെള്ളത്തിലൂടെയോ ചിലന്തിയുടെ ശരീരത്തിൽ എത്തിച്ച് കൂടുതൽ കരുത്തുള്ള നാരുകളുണ്ടാക്കി അവ ഉപയോഗിച്ച് കയറുകളും പാരച്യൂട്ടുകളുമൊക്കെ നിർമ്മിക്കാനാണ് ശ്രമിക്കുന്നത്. പാരാഗ്‌ളൈഡിംഗ് പോലുള്ള വിനോദ സഞ്ചാര മേഖലകളിലും മിലിട്ടറി രംഗത്തുമൊക്കെ പാരച്യൂട്ടും കയറുകളും കൂടുതൽ വിജയകരമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് നിലവിൽ ഈ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. കുടിവെള്ളത്തിലൂടെ ചിലന്തിയുടെ ശരീരത്തിലെത്തിക്കുന്ന ഗ്രാഫീൻ ഉപയോഗിച്ച് സാധാരണയെക്കാൾ അഞ്ചിരട്ടി കരുത്തുള്ള ചിലന്തി വല നിർമ്മിക്കാം എന്നും ഇവർ അവകാശപ്പെടുന്നുണ്ട്.