sabarimala

1. ശബരിമല വിഷയത്തിൽ സമവായ സാധ്യത തേടി സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം മുഖ്യമന്ത്രിയുടെ ചേംബറിൽ പുരോഗമിക്കുന്നു. യോഗത്തിൽ യു.ഡി.എഫും ബി.ജെ.പിയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. സാവകാശം തേടി സർക്കാർ കോടതിയെ സമീപിക്കണം എന്ന് യു.ഡി.എഫ് യോഗത്തിൽ ആവശ്യപ്പെടും. അതേസമയം, പുനപരിശോധന ഹർജി പരിഗണിക്കുന്നത് വരെ സെപ്തംബർ 28 ലെ വിധി സ്റ്റേ ചെയ്യണം എന്ന ആവശ്യം ഇന്നലെയും സുപ്രിംകോടതി നിരാകരിച്ച കാര്യവും വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കും.


2. പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രി കുടുംബവുമായും മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ചർച്ച നടത്തും. ശബരിമല പ്രശ്‌ന പരിഹാരം മുന്നിൽക്കണ്ട് ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടി സ്വാഗതാർഹം എന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ. ആചാരങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ല. സർക്കാർ നിലപാടിൽ മാറ്റം വരുത്തണം. സമയ ബന്ധിതമായി വിധി നടപ്പാക്കണം എന്ന് കോടതി നിർദ്ദേശിച്ചിട്ടില്ല. വിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സർക്കാരിന് അറിയിക്കാനാകും എന്നും പന്തളം കൊട്ടാരം.


3. ശബരിമല വിധിയിൽ സാവകാശ ഹർജിയുടെ സാധ്യത തള്ളിക്കളയാൻ ആവില്ലെന്ന് ദേവസ്വം കമ്മീഷണർ. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം വേണം എന്നും കമ്മീഷണർ എൻ. വാസു. അതേസമയം, സർക്കാരിന് സാവകാശ ഹർജി നൽകാൻ കഴിയില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർവ്വകക്ഷി യോഗത്തിൽ ശുഭപ്രതീക്ഷ എന്നും പ്രതികരണം. വിധിയിൽ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സാവകാശ ഹർജിക്ക് പ്രസക്തിയില്ല എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.


4. മണ്ഡലകാല പൂജകൾക്കായി നടതുറക്കുമ്പോൾ ദർശനത്തിന് എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് സുരക്ഷ ഒരുക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ മറുപടിയുമായി തൃപ്തി ദേശായി. സുരക്ഷ നൽകിയില്ല എങ്കിലും ദർശനത്തിനായി ശബരിമലയിൽ എത്തും എന്ന് പ്രഖ്യാപനം. സുരക്ഷ ആവശ്യപ്പെട്ടത് 7 യുവതികൾ വരുന്നതു കൊണ്ട്.


5. ദർശനത്തിനിടെ തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന്. സുരക്ഷ സംബന്ധിച്ച തന്റെ ആവശ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല എന്നും തൃപ്തി. എല്ലാ തീർത്ഥാടകർക്കുമുള്ള സുരക്ഷ മാത്രമേ തൃപ്തിക്കും നൽകൂ എന്നായിരുന്നു പൊലീസ് നിലപാട്. ദർശനത്തിന് സുരക്ഷ ഒരുക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തൃപ്തി കത്ത് നൽകിയത് കഴിഞ്ഞ ദിവസം.


6. മണ്ഡലകാല പൂജകൾക്കായി നാളെ വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമലയിൽ പൊലീസ് വിന്യാസം തുടങ്ങി. അൻപതുവയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയിൽ എത്തിച്ചു. ഒരുക്കങ്ങൾ വിലയിരുത്താൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്ര ഇന്ന് നിലയ്ക്കലിൽ എത്തും. നിലയ്ക്കലിൽ വനംവകുപ്പ് പ്രത്യേക ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു.


7. നിലയ്ക്കലിലേക്കുള്ള വാഹനങ്ങൾ ഇലവുങ്കലിൽ തടയും. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഇന്ന് പ്രവേശനം ഇലവുങ്കൽ വരെ മാത്രം. വിശദമായ പദ്ധതിയാണ് പൊലീസ് ശബരിമല മണ്ഡല മകരവിളക്ക് കാലത്തിനായി തയ്യാറാക്കി ഇരിക്കുന്നത്. ഐ.ജി വിജയ് സാക്കറെയ്ക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും, പമ്പയിലും നിലയക്കലും രണ്ട് എസ്.പിമാർ വീതവും ഉണ്ടാകും. ക്രമ സമാധാനവും തിരക്കും േെവ്വറെ നിയന്ത്രിക്കാൻ ആണ് ഇത്.


8. വനിതാ പൊലീസുകാരുൾപ്പെടെ നാല് ഘട്ടങ്ങളായ 18,000 പൊലീസുകാരെ വിന്യസിക്കും. ആദ്യ മൂന്ന് ഘട്ടങ്ങളിൽ 4,500 വീതം പൊലീസുകാരെ ശബരിമലയിൽ നിലനിർത്തും. മകരവിളക്കിന് 5,000 പൊലീസുകാരെ എത്തിക്കും. പമ്പ മുതൽ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കും. ഹെലികോ്ര്രപർ നിരീക്ഷത്തിന്റെ ചുമതല കൊച്ചി റെയ്ഞ്ച് ഐ.ജിയ്ക്ക്. കാൽനടയായി എത്തുന്ന തീർത്ഥാകരെ നാളെ രാവിലെ 11 മുതൽ നിലയ്ക്കലിൽ നിന്നും കടത്തിവിടും. 12 മണി മുതൽ ബസ് സർവീസുകൾ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയുടെ 250 ദീർഘദൂര സ്‌പെഷ്യൽ സർവീസുകൾക്ക് 30 ശതമാനം നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.


9. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരത്ത് എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. കലൂർ, നാഗപട്ടണം, തിരുവാരൂർ തുടങ്ങിയ തമിഴ്‌നാടിന്റെ വടക്കൻ തീരപ്രദേശങ്ങളെ ആണ് ഗജ ബാധിക്കുക. ആറ് ജില്ലകളിലും പുതുച്ചേരിയിലും കനത്ത ജാഗ്രതാ നിർദ്ദേശം. തിരുച്ചിറപ്പള്ളി, തേനി, മധുര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ഗജ വീശാൻ സാധ്യതയുള്ള ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.