തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ താത്പര്യത്തിന് അനുയോജ്യമായ തീരുമാനം കൈക്കൊള്ളാതെ പഴയ നിലപാടിൽതന്നെ സർക്കാർ ഉറച്ച് നിന്ന് സർവകക്ഷി യോഗം ഉൾപ്പെടെ പ്രഹസനമാക്കി മാറ്റരുതെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാര വർമ്മ 'ഫ്ളാഷി'നോട് പറഞ്ഞു.
യുവതീ പ്രവേശനത്തിന് സ്റ്റേ അനുവദിച്ചില്ലെങ്കിലും പുന:പരിശോധന നടത്താൻ സുപ്രീംകോടതി തീരുമാനിച്ചു എന്നത് സെപ്തംബർ 28 ന് മുമ്പുള്ള യുവതികൾ കയറേണ്ട എന്ന സ്ഥിതി തുടരുന്നതാണ് ഉചിതം എന്നതിന്റെ തെളിവാണ്. ശശികുമാര വർമ്മ 'ഫ്ളാഷി'നോട് സംസാരിക്കുന്നു:
നേരത്തെ ആകാമായിരുന്നു
ശബരിമല യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിൽപോലും തുറന്ന കോടതിയിൽ പുന:പരിശോധനാ ഹർജികളും റിട്ട് ഹർജികളും കേൾക്കും എന്ന സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമാണ്. ഇന്ന് സർവകക്ഷിയോഗം വിളിച്ച സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ട്. എന്നാൽ, സെപ്തംബർ 28ന് യുവതീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വന്ന് രണ്ട് ദിവസത്തിനുള്ളിൽതന്നെ സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിൽ പ്രശ്നം ഇത്രത്തോളം രൂക്ഷമാവുമായിരുന്നില്ല.
50 ശതമാനം ഗുണകരം
തുറന്ന കോടതിയിൽ പുന:പരിശോധനാ ഹർജികളും റിട്ട് ഹർജികളും കേൾക്കും എന്നത് 50 ശതമാനം ഗുണകരമാണ്. പല കേസുകളിലും പുന:പരിശോധനാ ഹർജികൾ ഒറ്റ സെന്റൻസിൽ റിജക്ട് എന്ന് എഴുതാറാണ് പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഈ വിഷയത്തിൽ തുറന്ന കോടതിയിൽ വാദം കേൾക്കും എന്ന തീരുമാനം പുന:പരിശോധനാ ഹർജികൾ കേൾക്കേണ്ടതാണ് എന്ന് കോടതിക്ക് മനസിലായതിനാലാണല്ലോ.
ആ നിലപാട് എടുക്കണം
വിശ്വാസികളുടെ ശാപത്തിൽ നിന്ന് തത്കാലത്തേക്കെങ്കിലും രക്ഷപ്പെടാനും സംഘർഷങ്ങൾ ഒഴിവാക്കാനുമുള്ള ഒരവസരമാണ് ഇപ്പോൾ സർക്കാരിന് കൈവന്നിരിക്കുന്നത്. നിലവിലുള്ള സാഹചര്യം പരിശോധിച്ച് രാഷ്ട്രീയ പാർട്ടികളുടെയും ഹൈന്ദവ സംഘടനകളുടെയും അഭിപ്രായം തേടി യുവതികൾ ശബരിമലയിൽ കയറുന്നതിലെ സാങ്കേതിക തടസങ്ങൾ ബോധിപ്പിച്ചാൽ സുപ്രീംകോടതി അത് അംഗീകരിക്കും എന്നതിൽ തർക്കമില്ല. സർക്കാർ അത്തരത്തിലുള്ള നിലപാടാണ് കൈക്കൊള്ളേണ്ടത്.
രാഷ്ട്രീയ അജണ്ട
സർക്കാരിന് തന്ത്രിയുടെ അഭിപ്രായം ചോദിച്ച് അത് പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം.എന്നാൽ മുഖ്യമന്ത്രി നിർബന്ധ ബുദ്ധിയോടെ തന്ത്രിയെ തുടർച്ചയായി ആക്ഷേപിക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. മുമ്പുള്ള ഒരു മുഖ്യമന്ത്രിമാരും ഇങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വസ്തുത.
തൃപ്തി ദേശായി വന്നാൽ
ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മല ചവിട്ടാനൊരുങ്ങുന്നത് യുവതിയെന്ന നിലയിൽ നിലവിലെ ആചാരാനുഷ്ഠാനങ്ങൾക്ക് തീർത്തും വിരുദ്ധമാണ്. വിശ്വാസികളെ പ്രകോപിപ്പിക്കാനേ അതുപകരിക്കൂ.