k-sudhakaran

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെയുള്ള ബഹുജനപ്രക്ഷോഭത്തിന് പിന്തുണ നൽകുമ്പോഴും തീവ്രസമരം വേണമെന്ന കെ.സുധാകരന്റെ നിലപാട് തള്ളാൻ കെ.പി.സി.സി നേതൃത്വം. ശബരിമല വിഷയത്തിൽ നേതാക്കൾ പരസ്പര വിരുദ്ധ പ്രസ്താവനകൾ നടത്തുമ്പോൾ നാളത്തെ രാഷ്ട്രീയ കാര്യസമിതിയുടെ യോഗം നിർണായകമാകും.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട് ന്യൂനപക്ഷങ്ങൾക്ക് കൂടി മതിപ്പാണെന്നതിനാൽ സമരത്തെ പിന്തുണയ്ക്കുന്നതിലുറച്ച് നിൽക്കാനാണ് കോൺഗ്രസിന്റെ ആലോചന. അതേസമയം വേണ്ടിവന്നാൽ മലകയറാൻ വരുന്ന സ്ത്രീകളെ തടയാൻ മുന്നോട്ട് വരണമെന്ന കെ.സുധാകരന്റെ നിലപാടിനോട് ഭൂരിപക്ഷം പേർക്കും യോജിപ്പില്ല. ഇന്ന് ചേരുന്ന സർവകക്ഷിയോഗത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തുമെന്ന പ്രതീക്ഷയുള്ളത് കോൺഗ്രസിന് കൂടുതൽ ആശ്വാസം പകരുന്നുണ്ട്. സർക്കാർ കടുത്ത നിലപാടെടുക്കുന്നത് ബി.ജെ.പിയാണ് മുതലെടുക്കുക എന്നാണ് കോൺഗ്രസിന്റെ ആശങ്ക. സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധങ്ങളോട് ആദ്യാവസാനം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും രാഷ്ട്രീയമായി ഇതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ സമീപനം.