തന്റെ നേരെ താഴാൻ ഭാവിക്കുന്ന സ്പാനറിലേക്ക് എസ്.പി അരുണാചലം ഭീതിയോടെ നോക്കി. പിന്നെ ചുട്ടിപ്പാറയ്ക്കു മുകളിൽ നിലാവിൽ കുളിച്ചുനിൽക്കുന്ന ക്ഷേത്രത്തിലേക്കും.
ഇവിടെ ദൈവികമായ ഒരു ചൈതന്യം ഉണ്ടെങ്കിൽ ഇത് സംഭവിക്കുമോ?
അരുണാചലം അങ്ങനെ ചിന്തിച്ച നിമിഷത്തിൽ ഒരു ഗർജ്ജനം കേട്ടു.
''സ്പാനർ മൂസ...'
''ങ്‌ഹേ?' അയാൾ നടുങ്ങിത്തിരിഞ്ഞു.
തന്നെയും വിക്രമനെയും വലയം ചെയ്ത് അഞ്ചുപേർ..
അവരുടെ കൈകളിൽ നീട്ടിപ്പിടിച്ചിരിക്കുന്ന പിസ്റ്റളുകൾ.
''അരുണാചലം സാറിനെ നീ തൊട്ടാൽ... നിന്റെ ശരീരം ഞങ്ങൾ ബുള്ളറ്റുകൾ കൊണ്ട് അരിപ്പയാക്കും.'
നേരത്തെ കേട്ട അതേ ശബ്ദം.
''ഹാ...' മൂസ ഒരു നിമിഷം നിശ്ചലനായി.
ആ സമയം ഒരാൾ അയാൾക്കു നേരെ പറന്നുവന്നു...
പിന്നിലൂടെ...
ആദ്യത്തെ അടി മൂസയുടെ കഴുത്തിലായിരുന്നു.
നനഞ്ഞ തുണി കല്ലിൽ അടിക്കുന്ന ശബ്ദം!
കിടുങ്ങിപ്പോയി വിക്രമനും.
സ്പാനറുമായി മൂസ ഒരുവശം ചരിഞ്ഞ് പാറപ്പുറത്തേക്കു വീണു. ബാക്കി നാലുപേരും പാഞ്ഞെത്തി.
പൊടുന്നനെ മൂസ വർദ്ധിതവീര്യത്തോടെ ചാടിയെണീറ്റു. തറയിൽ നിന്ന് ഒരു കുട്ടിയാന എഴുന്നേൽക്കും പോലെയാണ് മറ്റുള്ളവർക്കു തോന്നിയത്.
''അടുക്കരുത്. ഒരുത്തന്റെയെങ്കിലും തലമണ്ട അടിച്ചുപൊളിക്കും ഞാൻ.' അയാൾ മുരണ്ടുകൊണ്ട് സ്പാനർ വീശി വട്ടം തിരിഞ്ഞു.
ആഗതർ ഒന്നു പകച്ചു. കയ്യിലിരിക്കുന്നതു പിസ്റ്റളുകളാണെങ്കിലും.
''വിക്രമാ...'
അടയാളവാക്യം പോലെ മൂസ വിളിച്ചു.
''അണ്ണാ.... ' പറഞ്ഞതും അരയിൽ നിന്നൊരു കത്തി വലിച്ചൂരി വിക്രമൻ. പിന്നെ ഝടുതിയിൽ അരുണാചലത്തിന്റെ തലയ്ക്കൽ ഇരുന്നു.
തുടർന്ന് കത്തിമുന അയാളുടെ കഴുത്തിൽ കുറുകെ അമർത്തി.
''നിങ്ങൾ എനിക്കു നേരെ നിറയൊഴിച്ചാലും ഈ എസ്.പിയുടെ കുരവള്ളി മുറിച്ചു വിടും ഞാൻ.'
അതുകേട്ട് മറ്റുള്ളവർ പരസ്പരം നോക്കി.
''അണ്ണാ....'
വിക്രമൻ, സ്പാനർ മൂസയെ വിളിച്ചു. ശേഷം ചുറ്റുംനിന്നവർക്കു നേരെ കണ്ണയച്ചു.
''അണ്ണനെ നിങ്ങൾ തടയരുത്. തടഞ്ഞാൽ നേരത്തെ പറഞ്ഞതു സംഭവിക്കും.'
ആരും മിണ്ടിയില്ല.
മൂസ സുമോയ്ക്കു നേരെ കുതിച്ചു. അതിൽ പറന്നുവീണ് സ്റ്റാർട്ടു ചെയ്തു. ഹെഡ്‌ലൈറ്റുകളിൽ തീ എരിയിച്ചുകൊണ്ട് സുമോ പാറപ്പുറത്ത് വട്ടം തിരിഞ്ഞു. ഒപ്പം അവർക്കു നേരെ പാഞ്ഞുവന്നു.
രണ്ടുപേർ വെട്ടിയൊഴിഞ്ഞ് ഇരുവശത്തേക്കും ചാടി.
മിന്നൽ വേഗത്തിൽ വിക്രമൻ ചാടിയുയർന്ന് സുമോയുടെ ഡോർ വലിച്ചു തുറന്നു.
മൂസ സുമോ നിർത്തിയില്ല. ഓടുന്ന അതിൽ ചാടിക്കയറി വിക്രമൻ ഡോറടച്ചു.
പരിഭ്രാന്തനായ ഒരു കാട്ടുമൃഗത്തെപ്പോലെ സുമോ കുന്നിറങ്ങിപ്പോയി.
ഒരു സെക്കന്റിലെ മരവിപ്പിനു ശേഷം അഞ്ചുപേരും ഉണർന്നു.
''സാറിന്റെ ശരീരത്തിൽ നിന്ന് കല്ല് മാറ്റ്. ' ഒരാൾ അലറി.
അഞ്ചുപേരും ഓരോ കല്ലുകൾ വീതം നീക്കം ചെയ്തു.
എന്നിട്ടും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അരുണാചലം. ശരീരം മരവിച്ച് വാഴത്തട പോലെ ആയിരുന്നു.
അവർ അയാളെ കൈപിടിച്ചുയർത്തി പാറപ്പുറത്ത് ഇരുത്തി. പ്രാണൻ തിരികെ കിട്ടിയെന്ന് അപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല അരുണാചലത്തിന്.
വല്ലവിധേനയും കിതച്ചുകൊണ്ട് അരുണാചലം നാവനക്കി:
''ആരാ നിങ്ങളൊക്കെ?'
''സാർ...' അഞ്ചുപേരും അയാൾക്കു മുന്നിൽ അറ്റൻഷനായി.
''സാർ... ഞങ്ങൾ അങ്ങയുടെ സബോഡിനേറ്റ്സായ എസ്.ഐമാർ ആണ്. ഞാൻ സൈബർ സെല്ലിലെ ബിന്ദുലാൽ.'
അയാളെ എസ്.പി പെട്ടെന്നു തിരിച്ചറിഞ്ഞു.
ബിന്ദുലാൽ ബാക്കിയുള്ളവരെ കൂടി പരിചയപ്പെടുത്തി:
''ഇവർ ആർജവ്, ഉദേഷ് കുമാർ, ബെഞ്ചമിൻ, വിഷ്ണുദാസ്.'
''താങ്ക്സ്.' അരുണാചലം ശ്വാസം വലിച്ചുവിട്ടു. പിന്നെ കൈ പാറയിൽ കുത്തി എഴുന്നേറ്റു. ''തക്കസമയത്ത് നിങ്ങൾ വന്നതു നന്നായി.'
അഞ്ചു പേരും ഭവ്യതയോടെ നിന്നു.
''ആട്ടെ. നിങ്ങളെങ്ങനെ വിവരം അറിഞ്ഞു?'
ബിന്ദുലാൽ മറുപടി നൽകി:
''രാജസേനനും സ്പാനർ മൂസയും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ എനിക്കു സംശയം തോന്നി.'
''ഗുഡ്.' എസ്.പി അയാളുടെ തോളിൽ തട്ടി.
ആ സമയം രാജസേനനും രാഹുലും വീട്ടിൽ എത്തിയിരുന്നു. തൊട്ടടുത്ത നിമിഷം മുറ്റത്തേക്ക് ഒരു ജീപ്പ് ഇരച്ചുകയറി നിന്നു.... (തുടരും)