sabarimala-protest

ചെങ്ങന്നൂർ: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തർക്കൊപ്പം വ്യാപാരികളും ആശങ്കയിലായതോടെ ശബരിമലയിൽ പ്രധാന വഴിപാട് ഇനങ്ങളുൾപ്പെടെ 80 ശതമാനത്തിലധികവും കടകളും ലേലം കൊള്ളാതെ കിടക്കുന്നു. സർക്കാർ നിർദ്ദേശപ്രകാരം പൊലീസ് നടപ്പാക്കുന്ന കർശന സുരക്ഷാ നിയന്ത്രണം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തുമെന്നാണ് വ്യാപാരികൾ ആശങ്കപ്പെടുന്നത്.

ഇക്കാരണത്താൽ കഴിഞ്ഞ ദിവസം ദേവസ്വം ആസ്ഥാനത്ത് നടന്ന ലേലത്തിൽ നിന്ന് ഭൂരിപക്ഷം വ്യാപാരികളും വിട്ടുനിന്നു. പ്രധാന വഴിപാട് ഇനങ്ങളായ വെടിവഴിപാട്, പുഷ്പാലങ്കാരം, വഴിപാടിന് ആവശ്യമായ സ്വർണ്ണം വെള്ളി വിൽപ്പന നടത്തുന്ന പൂജാസ്റ്റോർ എന്നിവയും ഇതുവരെ ആരും ലേലം കൊണ്ടിട്ടില്ല. നാമമാത്രമായ കടകളും ഹോട്ടലുകളും വിരികളും മാത്രമാണ് ഇന്നലെ ലേലത്തിൽ പോയത്. തുടക്കത്തിൽ ഇ ടെണ്ടറിലൂടെ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ കരാർ ഗുരുവായൂർ സ്വദേശി 1.66 കോടി രൂപയ്ക്ക് സ്വന്തമാക്കിയെങ്കിലും ശബരിമലയിൽ നിരന്തരമായുണ്ടായ പ്രക്ഷോഭത്തെ തുടർന്ന് ഇയാൾ കരാറിൽ നിന്ന് പിൻവാങ്ങി. ഇന്നലെ വീണ്ടും നടത്തിയ ലേലത്തിൽ 1.26 കോടി രൂപയ്ക്ക് കോട്ടയം കുറിച്ചി സ്വദേശിയാണ് ലേലം പിടിച്ചത്.

ഇന്നലെ മാറ്റിവച്ച മിക്ക കടകളുടെയും ലേലം നാളെ സന്നിധാനത്ത് നടത്താനാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്നത്. ദേവസ്വം കമ്മിഷണർ എൻ.വാസുവിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ ലേലം നടത്തിയത്. കുത്തക ലേലം എടുത്തശേഷം ശബരിമലയിൽ സംഘർഷം ഉണ്ടാവുകയോ സന്നിധാനത്ത് ഭക്തർ എത്താതിരിക്കുകയോ ചെയ്താൽ ഉണ്ടാകുന്ന ഭീമമായ നഷ്ടം പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് ഉറപ്പ് നൽകണമെന്ന ആവശ്യം വ്യാപാരികൾ ബോർഡിന് മുമ്പാകെ വച്ചു.

എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതോടെയാണ് ഭൂരിപക്ഷം പേരും ലേലത്തിൽ നിന്ന് പിന്മാറിയത്. ബോർഡ് മുൻപ് നിശ്ചയിച്ചിരുന്ന ലേലത്തുകയിൽ കുറവ് വരുത്തി ലേലം നടത്താൻ ബോർഡ് ശ്രമിച്ചെങ്കിലും ലേലം കൊള്ളാൻ വ്യാപാരികൾ തയ്യാറായില്ല. ഇതോടെ ലേലത്തിലൂടെയുള്ള വരുമാനത്തിൽ കോടികളുടെ കുറവാണ് ദേവസ്വം ബോർഡിന് ഉണ്ടായിട്ടുള്ളത്.