all-party-meet

തിരുവനന്തപുരം: സംസ്ഥാനസർക്കാരും പ്രതിപക്ഷ കക്ഷി നേതാക്കളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ ശബരിമല യുവതീപ്രവേശന വിഷയം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം അലസിപ്പിരിഞ്ഞു. വിധിയിൽ വെള്ളം ചേർക്കാൻ സർക്കാരില്ലെന്നും വിധി നടപ്പാക്കുന്നതിന് സാവകാശം തേടില്ലെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, ശബരിമലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുവതികൾക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ദിവസങ്ങൾ നിശ്ചയിക്കാനാകുമോയെന്ന് പരിശോധിക്കും. ഇക്കാര്യം ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോട് ചർച്ച ചെയ്ത് തീരുമാനിക്കും.

യോഗത്തിൽ എല്ലാ കക്ഷികളും സംസാരിച്ച ശേഷം തന്റെ മറുപടിപ്രസംഗം തീർന്നപ്പോൾ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതിപക്ഷനേതാവ് ബഹിഷ്‌കരണം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗം തീർന്നിട്ടെന്ത് ബഹിഷ്‌കരണമെന്ന് ചോദിച്ചതിന് മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

സർക്കാർ മുൻവിധിയോടെ കാര്യങ്ങളെ സമീപിച്ചെന്നും ദുർവാശി കാണിച്ചെന്നുമാണ് പ്രതിപക്ഷനേതാവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ആരോപിച്ചത്. എന്നാൽ സർക്കാരിന് ഇക്കാര്യത്തിൽ ഒരു മുൻവിധിയുമുണ്ടായിട്ടില്ലെന്നും കോടതി എന്തു പറഞ്ഞോ അത് നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്നും താൻ വിശദീകരിച്ചു. 91ൽ സ്ത്രീപ്രവേശനം നിരോധിച്ച വിധിയുണ്ടായപ്പോൾ 96ലും 2006ലും ഇപ്പോഴത്തെ സർക്കാർ വന്നശേഷം പുതിയ വിധി വരുന്നത് വരെയും അതുതന്നെയാണ് പാലിച്ചിട്ടുള്ളത്. ആ വിധിക്ക് എന്തെങ്കിലും മാറ്റം വരുത്തിക്കാൻ അപ്പീൽ പോവുകയുണ്ടായിട്ടില്ല. നാളെ സുപ്രീംകോടതി മറ്റൊരു കാര്യം പറഞ്ഞാൽ അതാകും സർക്കാർ നടപ്പാക്കുക. ജനാധിപത്യവും നിയമവാഴ്ചയും നിലനിൽക്കുന്ന രാജ്യത്ത് ഒരു വിധി നടപ്പാക്കുന്നതിൽ ദുർവാശിയുടെ പ്രശ്‌നമുദിക്കുന്നില്ല.

വിശ്വാസികൾക്കൊപ്പമാണ് സർക്കാർ. വിശ്വാസികൾക്ക് സംരക്ഷണം നൽകും. ഒരാശങ്കയും ഇക്കാര്യത്തിൽ വേണ്ട. ശബരിമലയെ കൂടുതൽ യശസ്സോടെ ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആവശ്യമായ ക്രമീകരണങ്ങൾ അവിടെ ഒരുക്കിവരുന്നു. യുവതീപ്രവേശനക്കാര്യത്തിൽ സർക്കാരിന് മുന്നിൽ വേറെ പോംവഴിയില്ല. 22ന് ഹർജികൾ കേൾക്കുന്നുണ്ടെന്ന് മാത്രമല്ല കോടതി പറഞ്ഞിട്ടുള്ളത്. സെപ്‌തംബർ 28ന്റെ വിധി അതുപോലെ നിലനിൽക്കുന്നുവെന്ന് കൂടിയാണ്. അതിനർത്ഥം 10നും 50നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് വരാമെന്നാണ്. അപ്പോൾ നമുക്ക് ചെയ്യാവുന്നത് അവിടെ ചില ക്രമീകരണങ്ങൾ ഒരുക്കാമെന്നത് മാത്രമാണ് മുഖ്യമന്ത്രി വിശദീകരിച്ചു.

വിശ്വാസികൾക്കും വിശ്വാസസംരക്ഷണത്തിനും മുൻതൂക്കം നൽകുന്നതിനൊപ്പം ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കാനുമാവില്ല. മൗലികാവകാശങ്ങൾ വിശ്വാസത്തിനും മുകളിലാണ്. അവിടെ വിശ്വാസമാണ് പ്രധാനമെന്ന നിലപാട് ജനാധിപത്യസർക്കാരിന് കൈക്കൊള്ളാനാവില്ല. വിശ്വാസികളും മതനിരപേക്ഷ സമൂഹവും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിർഭാഗ്യവശാൽ പ്രതിപക്ഷനേതാവിനും ബി.ജെ.പി പ്രസിഡന്റിനും അതുൾക്കൊള്ളാനായിട്ടില്ല. അവർക്ക് നല്ല ബുദ്ധിയുണ്ടാവട്ടെ എന്നാശിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.