urjit-patel

ന്യൂഡൽഹി:ആർ.ബി.ഐ ഗവർണർ ഊർജിത്ത് പട്ടേൽ രാജിവെക്കില്ലെന്നു സൂചന. പ്രവർത്തന സ്വാതന്ത്ര്യത്തെ ചൊല്ലി നേരത്തെ കേന്ദ്ര സ‌ർക്കാരുമായി തർക്കത്തിലായിരുന്നു പട്ടേൽ. ആർ.ബി.ഐ ബോർഡ് യോഗത്തിൽ ഊർജിത് പട്ടേൽ രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്‌പകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചതാണ് കേന്ദ്രസർക്കാരും ആർ.ബി.ഐ.യും തമ്മിലുള്ള ബന്ധം വഷളാവാനിടയായത്. ആർ.ബി.ഐയുടെ കരുതൽ ധനശേഖരത്തിന്റെ മൂന്നിലൊന്ന് കൈമാറുന്നതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു.

ആർബിഐ ആക്ടിലെ 7ാം വകുപ്പ് സർക്കാർ പ്രയോഗിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. സർക്കാരിന്റെ കടപ്പത്രങ്ങൾ തുറന്ന വിപണിയിലെ പ്രവർത്തനങ്ങളിലൂടെ വാങ്ങിക്കാൻ തീരുമാനിച്ചതായും ആർബിഐ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ധനക്കമ്മി പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി ആർബിഐയിൽ നിന്നു സർക്കാർ ഒരു ലക്ഷം കോടി ആവശ്യപ്പെട്ടന്നാണ് കോൺഗ്രസിന്റെ ആരോപണം.