sunil-p-ilaydam

കാലടി: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച സംഘപരിവാർ സംഘടനയ്ക്കെതിരെ നിലപാട് സ്വീകരിച്ച ചിന്തകനും അദ്ധ്യാപകനുമായ സുനിൽ പി.ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചു. കാലടി സർവകലാശാലയിലുള്ള ഓഫീസിന് നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. ഓഫീസിന് മുന്നിലുള്ള സുനിൽ പി.ഇളയിടത്തിന്റെ നെയിം ബോർ‌ഡ് ആക്രമികൾ തകർത്തു. കൂടാതെ ഓഫീസ് മുറിയ്ക്ക് മുന്നിൽ കാവി ചായം കൊണ്ട് അപായ ചിഹ്നവും വരച്ചു വച്ചിട്ടുണ്ട്.

നേരത്തെ സംഘപരിവാർ ഫേസ്ബുക്ക് പേജിൽ നിന്ന് സുനിൽ.പി.ഇളയിടത്തിന് നേരെ വധഭീഷണിയുണ്ടായിരുന്നു. ഫേസ്ബുക്കിലെ സുദർശനം എന്ന ഗ്രൂപ്പിന്റെ പേജിൽ സുനിൽ പി. ഇളയിടത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ എഴുതിയിട്ടുള്ള കമന്റിലാണ് അസഭ്യവർഷവും ഭീഷണിയും ഉയർന്നത്.

ഹിന്ദുക്കൾക്കെതിരേ തുടർച്ചയായി സംസാരിക്കുന്ന ഇയാൾ ഭൂമിക്ക് ഭാരമാണെന്നാണ് കമന്റിൽ കുറിച്ചിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് അനുകൂലമായി നവോത്ഥാന പ്രഭാഷണങ്ങൾ നടത്തുന്നതാണ് സുനിൽ പി. ഇളയിടത്തിനെതിരേയുള്ള പ്രകോപനത്തിനു കാരണം. ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ള ആചാര്യന്മാരെ ആധികാരികമായി ഉദ്ധരിച്ചാണ് പ്രഭാഷണങ്ങൾ നടത്തുന്നതും. ഭീഷണിക്കെതിരേ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുള്ളത്.