കൊച്ചി-ടെൽ അവീവ് നോൺസ്‌റ്റോപ്പ് വിമാന സർവീസ് 2019 മുതൽ
കൊച്ചി: 'വിശുദ്ധരാജ്യ"മായ ഇസ്രയേൽ 2019ൽ പ്രതീക്ഷിക്കുന്നത് ഒരുലക്ഷം ഇന്ത്യൻ വിനോദ സഞ്ചാരികളെ. 2018 ജനുവരി-സെപ്‌തംബറിൽ 48,800 ഇന്ത്യക്കാർ ഇസ്രയേൽ സന്ദർശിച്ചു. 22 ശതമാനമാണ് വർദ്ധനയെന്ന് ഇസ്രയേൽ ടൂറിസം മന്ത്രാലയ ഡയറക്‌ടർ (ഇന്ത്യ ആൻഡ് ഫിലിപ്പീൻസ്) ഹസാൻ മാദാ പറഞ്ഞു. ഈവർഷം ആകെ 80,000 ഇന്ത്യക്കാരെ പ്രതീക്ഷിക്കുന്നു. അടുത്തവർഷത്തോടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് പ്രതീക്ഷ.
ഇസ്രയേൽ ടൂറിസം ആദ്യമായി കൊച്ചിയിൽ സംഘടിപ്പിച്ച റോഡ്ഷോയോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേലിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളിൽ 20 ശതമാനം കേരളീയരാണ്. എയർഇന്ത്യയുടെ ന്യൂഡൽഹി-ടെൽ അവീവ് സർവീസ് ഇരു രാജ്യങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇസ്രയേലി വിമാനമായ എൽസാലും ഇരുരാജ്യങ്ങൾക്കും ഇടയിൽ സർവീസ് നടത്തുന്നുണ്ട്. മറ്റൊരു ഇസ്രയേലി കമ്പനിയായ അർകിയയുടെ ടെൽ അവീവ്-കൊച്ചി, ടെൽ അവീവ്-ഗോവ നോൺ സ്‌റ്റോപ്പ് സർവീസുകൾ 2019ൽ തുടങ്ങും. റോഡ്ഷോയിൽ കേരളത്തിൽ നിന്ന് 100 ടൂർ ഓപ്പറേറ്റർമാരും ഏഴ് ഇസ്രയേലി കമ്പനികളും പങ്കെടുത്തു. ജറുസലേം, ടെൽ അവീവ്, ചാവുകടൽ, എയ്‌ലാത്ത് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ഇടത്തരം നിരക്കിൽ തീർത്ഥാടക, വിനോദ പാക്കേജുകളാണ് ഇസ്രയേൽ വാഗ്‌ദാനം ചെയ്യുന്നത്.
കൂടുതൽ ഇന്ത്യക്കാരെ ആകർഷിക്കാനായി വീസഫീസ് 1,700 രൂപയിൽ നിന്ന് 1,100 രൂപയാക്കി കുറച്ചതുൾപ്പെടെ വീസ ചട്ടങ്ങളിൽ ഒട്ടേറെ ആനുകൂല്യങ്ങളും ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊൽക്കത്ത, ഡൽഹി, മുംബയ്, ബംഗളൂരു എന്നിവിടങ്ങളിലാണ് വീസ സെന്ററുകൾ. ഹൈദരാബാദിലും ഉടൻ തുറക്കും. കേരളത്തിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണം കൂടിയാൽ കൊച്ചിയിലും വീസ സെന്റർ ആരംഭിക്കും.
നിലവിൽ, ഇസ്രയേലിലേക്ക് ഏറ്രവുമധികം സഞ്ചാരികൾ എത്തുന്നത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ്. ചുരുങ്ങിയ വർഷങ്ങൾക്കകം ഇന്ത്യയെ ടോപ് 10ൽ എത്തിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ബോളിവുഡമായി ഇസ്രയേൽ ടൂറിസം സഹകരിക്കുന്നുണ്ട്. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകളുടെ ചിത്രീകരണവും ഇസ്രയേലിലേക്ക് ആകർഷിക്കും. ഗാസയിലെ യുദ്ധാന്തരീക്ഷം ഇസ്രയേലി ടൂറിസത്തെ ബാധിച്ചിട്ടില്ലെന്നും മാദാ പറഞ്ഞു.