നടി പാർവതിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ തന്റെ പുതിയ ചിത്രമായ 'ഉയരെ'യെ ബാധിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ്. വിമെൻ ഇൻ സിനിമാ കളക്റ്റീവ്, എ.എം.എം.എയുമായുള്ള വിഷയങ്ങളൊന്നും ചിത്രത്തെ ഇതുവരെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഉയരെ'ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം പാർവതി ദേശീയ പുരസ്കാരം നേടിയ മികച്ച ഒരു അഭിനേത്രിയാണെന്നും, ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യയാണ് അവർ എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ ഭാഗമായി പാർവതി ആഗ്രയിലെ ഷീറോസ് കഫേയിൽ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരുകൂട്ടം സ്ത്രീകളാണ് കഫേയുടെ നടത്തിപ്പുകാർ. അവരുടെ ജീവിതം പഠിക്കാനായാണ് പാർവതി ഇവിടെ എത്തിയത്.
'ഷീറോസിൽ നിന്നും കിട്ടിയ പിന്തുണയ്‌ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തിൽ ജീവൻ വെടിഞ്ഞവർ പലരുമുണ്ടെങ്കിലും അതിനെ അതിജീവിച്ചവരാണ് കൂടുതലും. അതിലൊരാളാണ് പല്ലവി. ഈ ശക്തിയെ സ്ക്രീനിൽ അവതരിപ്പിക്കാൻ കിട്ടിയ അവസരത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു' എന്നും പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു. മനു അശോക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉയരെ'. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു. ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.