sabarimala

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ പരിമിതികളെക്കുറിച്ച് സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ. ആചാര അനുഷ്ഠാനങ്ങളിൽ പിന്നോട്ടു പോകാനാകില്ലെന്നു വ്യക്തമായി തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹപൂർവമായ ചർച്ചയാണ് നടന്നതെന്നു ശശികുമാര വർമ പറഞ്ഞു. ഏതു രീതിയിൽ കുഴപ്പമില്ലാതെ സന്തോഷത്തോടെ ശബരിമല സീസൺ മുന്നോട്ടുകൊണ്ടു പോകാൻ കഴിയുമെന്ന് തന്ത്രി കുടുംബവും രാജ കുടുംബവും വച്ച നിർദേശം ഞങ്ങൾ കൈമാറി. മുഖ്യമന്ത്രിയും നിർദേശങ്ങൾ വച്ചു. അതു ചർച്ച ചെയ്യേണ്ടതിനാൽ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഞങ്ങളുടെ നിവേദനം മുഖ്യമന്ത്രിയും ചർച്ച ചെയ്യാമെന്ന് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്തണമെങ്കിൽ വേറെ വേറെ ചർച്ച ചെയ്യണം. എന്നാലേ വ്യക്തമാകൂ. മുഖ്യമന്ത്രിയുടെ നിർദേശം ആചാരത്തെ ബാധിക്കുന്നതിനാൽ ഞങ്ങൾ മൂന്നുപേർക്ക് തീരുമാനമെടുക്കാനാകില്ല. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നില്ല. ഞങ്ങളുടെ നിലപാടും ശക്തം. ദയവു ചെയ്ത് യുവതികൾ വരരുത്. ഇന്ന് ഞങ്ങൾ ഞങ്ങളുടെ നിലപാടിലും സർക്കാർ സർക്കാരിന്റെ നിലപാടിലും ഉറച്ചു നിന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യുവതികൾ ശബരിമലയിലേക്കു വരരുതെന്ന് അഭ്യർത്ഥിക്കാനേ ഞങ്ങൾക്ക് കഴിയൂയെന്ന് തന്ത്രി കണ്‌ഠരര് രാജീവരര് വ്യക്തമാക്കി. സംഘർഷം ഒഴിവാക്കാൻ ദയവു ചെയ്‌ത് യുവതികൾ ശബരിമലയിലേക്കു വരരുത്. നട അടയ്ക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ പിന്നീടു ആലോചിക്കാമെന്നും തന്ത്രി വ്യക്തമാക്കി.