റിയാദ്:സൗദി ഭരണകൂടത്തിന്റെ കണ്ണിൽ കരടായിരുന്ന പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയെ ഇസ്‌താംബുളിലെ കോൺസുലേറ്റിൽ വച്ച് മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം വെട്ടിനുറുക്കി കൊലപ്പെടുത്തിയതാണെന്ന് സൗദി അറേബ്യ വെളിപ്പെടുത്തി.കൊലപാതകത്തിൽ പങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥർക്ക് വധശിക്ഷ നൽകണമെന്ന് നിർദ്ദേശിച്ചതായും സൗദി പബ്ലിക് പ്രോസിക്യൂട്ടറുടെ വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചു .
ഖഷോഗിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് സൗദി അറേബ്യ ആദ്യമായാണ് ഇത്രയും ആധികാരികമായി വെളിപ്പെടുത്തുന്നത്.
ഇസ്‌താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ഈ അഞ്ച് ഉദ്യോഗസ്ഥർ ചേർന്നാണ് ഖഷോഗിക്ക് മയക്കുമരുന്ന് നൽകിയതെന്ന് വക്താവ് പറഞ്ഞു. മയക്കുമരുന്ന് എങ്ങനെ നൽകി എന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.ബോധം കെട്ട ഖഷോഗിയെ ഇവർ വെട്ടിനുറുക്കിയ ശേഷം ശരീര ഭാഗങ്ങൾ കോൺസുലേറ്റിന് വെളിയിൽ കാത്തുനിന്ന ഒരു ഏജന്റിന് കൈമാറുകയായിരുന്നു.
കൊലപാതകത്തിൽ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു. കോൺസുലേറ്റിൽ നടന്ന കൊലപാതകത്തെ പറ്റി രാജകുമാരന് അറിവില്ലായിരുന്നു. രണ്ട് സീനിയർ ഉദ്യോഗസ്ഥരാണ് ഖഷോഗിയെ കൊല്ലാൻ ഉത്തരവ് നൽകിയത്. ഇവരിൽ സൗദി ഇന്റലിജൻസിന്റെ ഉപമേധാവി ജനറൽ അഹമ്മദ് അൽ - അസിറിയാണ് ഖഷോഗിയെ എങ്ങനെയും സമ്മർദ്ദം ചെലുത്തി നാട്ടിൽ എത്തിക്കാൻ ഉത്തരവിട്ടത്. കൊലപാതകമായിരുന്നു ലക്ഷ്യം. ഖഷോഗിയുമായി കൂടിയാലോചന നടത്താൻ എന്ന പേരിൽ ഇസ്‌താംബുളിലേക്ക് പറന്നെത്തിയ സംഘത്തിന്റെ തലവനാണ് കൊല്ലാൻ ഉത്തരവിട്ടത്.
കേസിൽ 21പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ പതിനൊന്നു പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതിനെ തുടർന്നാണ് ഖഷോഗി കൊല്ലപ്പെട്ടതാണെന്ന് സൗദി അടുത്തിടെ സമ്മതിച്ചത്. സൗദി രാജകുമാരന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി 2017ൽ അമേരിക്കയിൽ പ്രവാസിയായി പോവുകയായിരുന്നു. വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ കോളമിസ്റ്റായിരുന്നു അദ്ദേഹം.