shilpa-shetty

ഭക്ഷണം ഹെൽത്തിയായിരിക്കണം എന്ന് കേട്ടിട്ടുണ്ട്. എന്നാൽ ശുദ്ധ സ്വർണമായിരിക്കണമെന്ന് ഇപ്പോഴാണ് അറിയുന്നത്. സ്വർണത്തിൽ പൊതിഞ്ഞ ഐസ്‌ക്രീം കഴിച്ചത് മറ്റാരുമല്ല നമ്മുടെ സ്വന്തം ശിൽപ്പാഷെട്ടിയാണ്. ശില്പ ഷെട്ടിയെ വീഴ്ത്തിയ ഈ ഐസ്‌ക്രീമിനെ കുറിച്ച് അറിയണം.

ഹോങ് കോങ്ങിൽ അവധി ആഘോഷിക്കുകയാണ് ശിൽപ്പയും ഭർത്താവ് രാജ് കുന്ദ്രയും മകൻ വിയാനും. 24 കാരറ്റ് സ്വർണത്തകിടുകൾ കൊണ്ട് അലങ്കരിച്ച വാനില കോൺ ഐസ്‌ക്രീമാണ് ശിൽപയെ കാത്ത് അവിടെ ഒരു ഐസ്‌ക്രീം പാർലറിൽ ഉണ്ടായിരുന്നത്. 13 ഡോളർ അതായത് ഏകദേശം 948 രൂപയാണ് ഈ ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന്റെ വില. ഇന്ന് ഒട്ടുമിക്ക പ്രമുഖ ഡെസേർട്ട് ബ്രാന്റുകളും തങ്ങളുടെ ഭക്ഷണപദാർത്ഥങ്ങളിൽ സ്വർണത്തരികൾ ചേർത്ത് അലങ്കരിക്കാറുണ്ട്. ഇത്തരത്തിൽ സ്വർണ ഇലകൾ കൊണ്ട് അലങ്കരിച്ച പിറന്നാൾ കേക്കു മുറിച്ചാണ് പ്രിയങ്ക ചോപ്ര തന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷമാക്കിയത്. ശുദ്ധമായ സ്വർണത്തരികൾ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നതും ഇത് ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുമെന്നതും ഒരു പരസ്യതന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ഫുഡ് കമ്പനികൾ. ശിൽപ്പയുടെ ഐസ്‌ക്രീം തീറ്റയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.