rakul-preet-singh

തെന്നിന്ത്യൻ താരസുന്ദരി രാകുൽ പ്രീത് സിംഗ് തന്റെ നാലാമത്തെ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. സിദ്ധാർത്ഥ് മൽഹോത്ര നായകനാകുന്ന മർജാവ എന്ന ചിത്രത്തിലാണ് നായികയായി രാകുൽ കരാർ ഒപ്പിട്ടുകഴിഞ്ഞത്. ഈ വർഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അയ്യാരിയിലും ഇവർ ഇരുവരുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സിദ്ധാർത്ഥുമൊത്ത് വീണ്ടുമൊരു സിനിമ ചെയ്യുന്നതിന്റെ സന്തോഷം രാകുൽ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. റിതേഷ് ദേശ്മുഖും താര സുതാരിയയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ദേ ദേ പ്യാർ ദേ എന്ന ഹിന്ദി ചിത്രത്തിലും രാകുലാണ് നായിക. അജയ് ദേവ്ഗനാണ് നായകനായി എത്തുന്നത്. ഈ ചിത്രം അടുത്ത വർഷം ഏപ്രിലിൽ പ്രദർശനത്തിനെത്തും. ഇതോടൊപ്പം സൂര്യ നായകനാകുന്ന സെൽവരാഘവൻ ചിത്രം എൻ.ജി.കെ, ശിവകാർത്തികേയൻ ആർ. രവികുമാർ ടീമിന്റെ പേരിടാത്ത ചിത്രം എന്നിവയും രാകുലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളാണ്. കാർത്തിയെ നായകനാക്കി രജത്ത് രവിശങ്കർ ഒരുക്കുന്ന ദേവിലും രാകുലാണ് നായിക. ചിത്രത്തിന്റെ ഫസ് റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രമുള്ളപ്പോഴും തന്നെത്തേടിയെത്തുന്ന ബോളിവുഡ് അവസരങ്ങളോട് താരം നോ പറയുന്നില്ല.