ദുബായ്: അറബ് ലോകത്തെ വ്യവസായ - വാണിജ്യ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനയ്‌ക്കുള്ള അറേബ്യൻ ബിസിനസ് അച്ചീവ്‌മെന്റ് അവാർഡിന് പാലക്കാട് നെന്മാറ സ്വദേശികളും സഹോദരങ്ങളുമായ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും അർഹരായി. ഡോ. ബി.ആർ. ഷെട്ടിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് പ്രമോദും പ്രശാന്തും. പ്രശാന്ത് മങ്ങാട്ട് എൻ.എം.സി ഹെൽത്തിന്റെ സി.ഇ.ഒ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറും പ്രമോദ് മങ്ങാട്ട് ഫിനാബ്‌ലർ ഹോൾഡിംഗ്സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും യു.എ.ഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒയുമാണ്.
ദുബായിൽ നടന്ന ചടങ്ങിൽ ഐ.ടി.പി മീഡിയ ഗ്രൂപ്പ് സി.ഇ.ഒ അലി അക്കാവിയിൽ നിന്ന് അവർ പുര്സകാരം ഏറ്റുവാങ്ങി. റാസൽ ഖൈമ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സഊദ് ബിൻ സാഖർ അൽ ഖാസിമി ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. ചെറിയ കാലയളവിൽ സ്ഥാപനങ്ങളെ ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും ഇരുവരും കാഴ്‌ചവച്ച മികവുകൾ പരിഗണിച്ചാണ് പുരസ്‌കാരം. പ്രവർത്തിക്കാൻ കഴിവും മനസുമുള്ള ജീവനക്കാരെ പരമാവധി പ്രോത്സാഹിപ്പിക്കാനും ഉയർത്തിയെടുക്കാനും ഡോ. ബി.ആർ. ഷെട്ടി പുലർത്തുന്ന ശ്രദ്ധയാണ് ഇപ്പോഴുള്ള നേട്ടങ്ങളുടെ പിൻബലമെന്ന് പ്രശാന്തും പ്രമോദും പറഞ്ഞു.