കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിനുനേരെ പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ് ഹബ് കീഴരിയൂർ ഉൾപ്പെടെ ആറ് എം.എസ്.എഫ് പ്രവർത്തകർക്കും കല്ലേറിൽ ചേവായൂർ ഇൻസ്‌പെക്ടർ കെ.കെ. ബിജു ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു. മെഡിക്കൽ കോളേജ് സ്‌റ്റേഷൻ എ.എസ്.ഐ അഷറഫ്, സി.പി.ഒ വി.പി. നിസാർ, റിജിത്ത് എലത്തൂർ, ഷിജു എന്നിവരാണ് പരിക്കേറ്റ മറ്റ് പൊലീസുകാർ. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരത്ത് യൂത്ത് ലീഗ് പ്രവർത്തകർക്കുനേരെയും ലാത്തിച്ചാർജ് നടന്നു. പൊലീസ് കസ്റ്റഡിയിൽ എടുത്ത പരിക്കേറ്റ എം.എസ്.എഫ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷൻ ഉപരോധിക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് വീണ്ടും ലാത്തിച്ചാജ് നടത്തിയത്.
സമരം അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സമാധാനപരമായ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് കൊണ്ടൊന്നും പ്രതിഷേധം അവസാനിക്കില്ലെന്നും ഫിറോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.