തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സർക്കാരിന് ഇല്ലെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കും ഇല്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ സർക്കാരോ എൽ.ഡി.എഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നിൽ ആരാണെന്നത് പകൽ പോലെ വ്യക്തമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സർക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. പ്രശ്നങ്ങൾ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാൻ വേണ്ട കാര്യങ്ങൾ ദേവസ്വം ബോർഡ് ആലോചിക്കുമെന്നും അദ്ദേഹം കുറിച്ചു.