export
EXPORT

ന്യൂഡൽഹി: കയറ്റുമതി വരുമാനത്തിൽ വൻ കുതിപ്പുണ്ടായിട്ടും വ്യാപാരക്കമ്മി കുത്തനെ കൂടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു. സെപ്‌തംബറിൽ 2.15 ശതമാനം നഷ്‌ടം കുറിച്ച കയറ്റുമതി മേഖല, കഴിഞ്ഞമാസം 17.86 ശതമാനം വളർച്ച നേടി. 2,698 കോടി ഡോളറാണ് കഴിഞ്ഞമാസത്തെ കയറ്റുമതി വരുമാനം. 2017 ഒക്‌ടോബറിൽ ഇത് 2,289 കോടി ഡോളറായിരുന്നു. ഇറക്കുമതിച്ചെലവ് കഴിഞ്ഞമാസം 17.62 ശതമാനം ഉയർന്ന് 4,411 കോടി ഡോളറിലെത്തിയതാണ് വ്യാപാരക്കമ്മി കൂടാൻ പ്രധാനകാരണം.

സെപ്‌തംബറിലെ 1,398 കോടി ഡോളറിൽ നിന്ന് 1,713 കോടി ഡോളറായണ് ഒക്‌ടോബറിൽ വ്യാപാരക്കമ്മി ഉയർന്നത്. 2017 ഒക്‌ടോബറിൽ ഇത് 1,461 കോടി ഡോളറായിരുന്നു. കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് വ്യാപാരക്കമ്മി. ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 52.64 ശതമാനം വർദ്ധിച്ച് 1,421 കോടി ഡോളറായതും എണ്ണ-ഇതര ഇറക്കുമതിച്ചെലവ് ആറു ശതമാനം ഉയർന്ന് 2,990 കോടി ഡോളറിലെത്തിയതും കഴിഞ്ഞമാസം തിരിച്ചടിയായി. സ്വർണം ഇറക്കുമതി 42.9 ശതമാനം കുറഞ്ഞ് 168 കോടി ഡോളറിൽ ഒതുങ്ങിയിട്ടും കഴിഞ്ഞമാസം വ്യാപാരക്കമ്മി കൂടുകയായിരുന്നു.

മൊത്തം ബാദ്ധ്യത

$11,146 കോടി

നടപ്പുസാമ്പത്തിക വർഷം ഏപ്രിൽ-ഒക്‌ടോബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 11,146 കോടി ഡോളറാണ്. മുൻവർഷത്തെ സമാനകാലയളവിൽ ഇത് 9,128 കോടി ഡോളറായിരുന്നു. നടപ്പുവർഷം ഒക്‌ടോബർ വരെ 19,100 കോടി ഡോളറാണ് കയറ്റുമതിയിലൂടെ കിട്ടിയ വരുമാനം. വർദ്ധന 13.27 ശതമാനം. ഇറക്കുമതിച്ചെലവ് 16.37 ശതമാനം ഉയർന്ന് 30,247 കോടി ഡോളറിലുമെത്തി.