srilanka

കൊളംബോ: പ്രധാനമന്ത്രി മഹിന്ദ രാജപക്സെയ്ക്കെതിരെ അവിശ്വാസം പാസാക്കിയതിനു പിന്നാലെ ശ്രീലങ്കൻ പാർലമെന്റിൽ കൈയാങ്കളി. ഇന്നലെ സഭചേർന്നപ്പോൾ എം.പിമാർ തമ്മിൽ ആരംഭിച്ച കലഹം അടിപിടിയിൽ കലാശിച്ചു. പരിക്കേറ്ര് എം.പിമാരിലൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്പീക്കറുടെ മൈക്രോഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച രാജപക്സെയുടെ അടുത്ത അനുയായി ദിലും അമുനുഗമയ്ക്കാണ് പരിക്കേറ്റത്. ദേഹം മുറിഞ്ഞ് രക്തംവന്ന എം.പിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രാവിലെ സഭ ചേർന്നപ്പോൾ മഹീന്ദ രാജപക്സെയെ പിന്തുണയ്ക്കുന്ന എം.പിമാർ സ്പീക്കർ കരു ജയസൂര്യയെ ആക്രമിക്കാൻ പാഞ്ഞടുത്തപ്പോൾ വിക്രമസിംഗെ പക്ഷത്തെ എം.പിമാർ തടയുകയായിരുന്നു. എം.പിമാർ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പരസ്പരം ഉന്തും തള്ളും അടിപിടിയും ഉണ്ടായി. സ്പീക്കർക്കുനേരെ എം.പിമാരിലൊരാൾ ചവറ്റുകുട്ടയെറി‌ഞ്ഞു. കൈയാങ്കളി തുടരവെ സ്പീക്കറും രാജപക്സെയും വിക്രമസിംഗെയും സഭ വിട്ടു പുറത്തുപോയി.

പാർലമെന്റിന്റെ ഏറ്റവും നാണംകെട്ട ദിനമാണിതെന്ന് വിക്രമസിംഗെയുടെ യുണൈറ്റഡ് നേഷൻ പാർട്ടി എം.പിമാർ കളിയാക്കി.

പ്രസിഡന്റ് സിരിസേനയുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട മഹിന്ദ രാജപക്സെയ്ക്കെതിരെ ബുധനാഴ്ചയാണ് പാർലമെന്റിൽ അവിശ്വാസം പാസാക്കിയത്. പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള സിരിസേനയുടെ ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചതോടെയാണ് വിക്രമസിംഗെയക്ക് അനുകൂലമായി സാഹചര്യങ്ങൾ ഒരുങ്ങിയത്.