pic
GKSU

കൊച്ചി: പ്രളയം സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് കേരളത്തിന്റെ വാണിജ്യമേഖല കരകയറുന്നുവെന്ന് വ്യക്തമാക്കി ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്‌സവിന് (ജി.കെ.എസ്.യു) ഗംഭീര തുടക്കം. കേരളത്തിലെ എല്ലാ മാദ്ധ്യമസ്ഥാപനങ്ങളും വ്യാപാരീ സമൂഹവും ചേർന്നൊരുക്കുന്ന ജി.കെ.എസ്.യുവിന് ആദ്യദിനമായ ഇന്നലെ മികച്ച പ്രതികരണമാണ് ലഭിച്ചത്. വരുംദിവസങ്ങളിൽ അവധി കൂടിവരുന്നതിനാൽ കൂടുതൽ ആവേശകരമായ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ജി.കെ.എസ്.യുവിൽ പങ്കാളിയാകാൻ കൂടുതൽ വ്യാപാരികൾ താത്പര്യം കാട്ടുന്നുണ്ട്. വ്യാപാരികൾക്ക് പ്രത്യേക രജിസ്‌ട്രേഷനില്ല. ജി.എസ്.ടി അംഗീകൃത വ്യാപാരികൾ സ്വാഭാവികമായും പങ്കാളികളാകുന്ന വിധമാണ് ജി.കെ.എസ്.യു ഒരുക്കിയിരിക്കുന്നത്. ഈ സ്ഥാപനങ്ങളിൽ നിന്ന് 1,000 രൂപയ്‌ക്കോ അതിനുമുകളിലോ തുകയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അവയും ജി.കെ.എസ്.യുവിൽ ഉൾപ്പെടും. ജി.കെ.എസ്.യുവിന്റെ ലോഗോയും ബാനറുകളും പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് അവ www.gksu.in/download എന്ന ലിങ്കിലൂടെ ഡൗൺലോഡ് ചെയ്യാം.

ഡിസംബർ 16വരെയാണ് മേള. നാല് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 1,000 രൂപയ്‌ക്കോ അതിനുമുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് ബമ്പർ സമ്മാനം. ദിവസേന ആയിരത്തോളം സമ്മാനങ്ങൾ വേറെയുമുണ്ട്. സാധനങ്ങൾ വാങ്ങിയ ശേഷം ഉപഭോക്താവ് 'ജി.കെ.എസ്.യു" എന്ന് ടൈപ്പ് ചെയ്‌ത് 9995811111 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്‌ച്ചാൽ മതി. മറുപടിയായി ഉപഭോക്താവിന്റെ പേരും മേൽവിലാസവും ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും. അത് പൂരിപ്പിച്ച് അയയ്ച്ച് നറുക്കെടുപ്പിൽ പങ്കെടുക്കാം. ഈ നമ്പർ ജി.കെ.എസ്.യു എന്ന സന്ദേശം അയയ്‌ക്കാനുള്ളതാണ്. ഇതിലേക്ക് വിളിക്കാൻ പാടില്ല. മേളയുടെ വിശദ വിവരങ്ങൾ www.gksu.inൽ ലഭിക്കും.