auto-taxi-fare-

തിരുവനന്തപുരം : ഞായറാഴ്ച അർദ്ധരാത്രി മുതൽ ഓട്ടോ-ടാക്‌സി തൊഴിലാളികൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.

സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർദ്ധിപ്പിക്കാനുള്ള ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ ശുപാർശ നടപ്പാക്കാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. കമ്മിഷൻ ശുപാർശ അനുസരിച്ച് ഓട്ടോയുടെ മിനിമം ചാർജ് 30 ആകും. നിലവിൽ ഇത് 20 രൂപയാണ്. ടാക്സി നിരക്ക് 150ൽ നിന്ന് 200 ആക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. ഇതനുസരിച്ച് ടാക്സി നിരക്കും ഉയരും. ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിലായിരുന്നു കമ്മിഷന്റെ ശുപാർശ.

മന്ത്രിയുമായുള്ള ചർച്ചയിൽ നിരക്ക് സംബന്ധിച്ച കാര്യങ്ങൾ തിരുമാനമായെന്നും ഡിസംബർ ഒന്നു മുതൽ നിരക്കുകൾ വർദ്ധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. 2014ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചത്.