kalam
കേരളപുരം കലാം

കൊല്ലം: അരനൂറ്റാണ്ടുകാലം മലായാള പ്രൊഫഷണൽ നാടകവേദിയിലെ നിറസാന്നിദ്ധ്യമായിരുന്ന കേരളപുരം കലാം (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കുണ്ടറ കേരളപുരം പുത്തൻകട കനിമൻസിലിൽ ഇന്നലെ ഉച്ചയോ‌ടെയായിരുന്നു അന്ത്യം. നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു.

കെ.ടി.മുഹമ്മദിനുശേഷം മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കും എതിരെ ശക്തമായി തൂലിക ചലിപ്പിച്ച നാടകകാരനായിരുന്നു കലാം. 80കളിൽ ഏ​റ്റവുമധികം വേദികളിൽ കളിച്ച 'ഫസഹ് ' നാടകം മുസ്ലിം സമുദായത്തിലെ ചില കോണുകളിൽ ശക്തമായ എതിർപ്പിന് ഇടയാക്കിയിരുന്നു. 'കേളി'യിൽ തുടങ്ങി കലാനിലയം, സർഗവീണ, മാനിഷാദ, നവധാര, സാരഥി, ട്യൂണ തുടങ്ങി കേരളത്തിലുടനീളമുള്ള മിക്ക നാടകസമിതികളിലും അദ്ദേഹം പ്രവർത്തിച്ചു.

40 ഓളം നാടകങ്ങൾ രചിച്ചു, 25 നാടകങ്ങൾ സംവിധാനം ചെയ്തു. ഫസഹ്, സിംഹനം, ഇന്ധനം, തലാഖ് തുടങ്ങിയവയാണ് പ്രശസ്തം. ഫസഹും ഫൈവ് സ്റ്റാർ ഹോസ്പിറ്റലും സിനിമയായി. തിലകനുമൊത്ത് 15 ഓളം നാടകങ്ങൾ ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അവാർഡ്, സംഗീതനാടക അക്കാഡമി പുരസ്‌കാരം, സംസ്ഥാന സർക്കാർ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് പകൽ 11 ന് കേരളപുരം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കും. ഭാര്യ: സുബൈദ ബായി. മക്കൾ: മിനിമോൾ, സുനിമോൾ, കനിമോൻ (ദുബായ്). മരുമക്കൾ: ഷാജഹാൻ (സർവേ വകുപ്പ്, പത്തനംതിട്ട), ജാഫർഖാൻ, ഷെജിമോൾ (ഷാനി).