advocate-jayasankar

തിരുവനന്തപുരം: തലശ്ശേരി എം.എൽ.എ. എ.എൻ. ഷംസിറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ ഷംസിറിനെ പരിഹസിച്ച് അഡ്വക്കേറ്റ എ. ജയശങ്കർ. വിപ്ലവ തീപ്പന്തമായ എ.എൻ ഷംസിറിന്റെ സഹധർമ്മിണിയെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ച നടപടി ബൂർഷ്വാ കോടതി റദ്ദാക്കിയെന്നാണ് ജയശങ്കർ പറയുന്നത്. വിജ്ഞാപനത്തിനും റാങ്ക് ലിസ്റ്റിനും എതിരാണ് നിയമനം എന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ വിജ്ഞാപനത്തിനും റാങ്ക് ലിസ്റ്രുമൊക്കെ ലംഘിക്കാനുള്ളതാണ്. ഉയർന്ന നേതാവിനോടുള്ള അടുപ്പവും ബന്ധവുമാണ് ഉയർന്ന നിയമനത്തിന് പരിഗണിക്കുന്നത്,​ അല്ലാതെ ഉയർന്ന യോഗ്യതയോ റാങ്കോ അല്ലെന്നും ജയശങ്കർ കുറിക്കുന്നു. ഫേസ്ബുക്ക് വഴിയാണ് അഡ്വക്കേറ്റ് എ. ജയശങ്കറിന്റെ പരിഹാസം കലർന്ന പ്രതികരണം.

ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാല അംഗീകരിക്കില്ലെന്നും ജയശങ്കർ പറയുന്നു. കേസിന് സുപ്രീം കോടതിയിൽ അപ്പീൽ പോകും,​ അവിടെ ജയിച്ചില്ലെങ്കിൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമിപിക്കും. സുധീർ കരമനയുടെയും കെ.ടി. അദീബിന്റെയും പോലെ പരിപാവനമായ നിയമനമാണ് ഷഹല സഖാവിന്റെ നിയമനവുമെന്നും പറഞ്ഞു. യുവത്വത്തിന്റെ പടനായകനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയമായി നേരിടും. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഹൈക്കോടതിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ പ്രതീകമായി നാട് കടത്തുമെന്നും എ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

അഡ്വക്കേറ്റ് എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തലശ്ശേരി എംഎൽഎയും വിപ്ലവ തീപ്പന്തവുമായ സഖാവ് എഎൻ ഷംസീറിൻ്റെ സഹധർമ്മിണി ഷഹലയെ കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ നിയമിച്ച നടപടി ബൂർഷ്വാ കോടതി റദ്ദാക്കി. വിജ്ഞാപനത്തിനും റാങ്ക് ലിസ്റ്റിനും വിപരീതമായാണ് നിയമനമെന്ന് കുറ്റപ്പെടുത്തി. ഉയർന്ന യോഗ്യതയും കൂടുതൽ പ്രവൃത്തി പരിചയവുമുളള ഹർജിക്കാരിയെ നിയമിക്കാൻ ഉത്തരവിട്ടു.

വിജ്ഞാപനവും റാങ്ക് ലിസ്റ്റുമൊക്കെ ലംഘിക്കാനുളളതാണ്. അതാണ് നവോത്ഥാന പാരമ്പര്യം. ഉയർന്ന യോഗ്യതയോ കൂടിയ പ്രവൃത്തി പരിചയമോ അല്ല, ഉയർന്ന നേതാവിനോടുളള അടുപ്പവും ബന്ധവുമാണ് നിയമനത്തിനു പരിഗണിക്കുന്നത്. സുധീർ നമ്പ്യാരുടെയും കെടി അദീബിൻ്റെയും നിയമനങ്ങൾ പോലെ പരിപാവനമാണ് ഷഹല സഖാവിൻ്റെ നിയമനവും.

ഹൈക്കോടതി വിധി ഒരു കാരണവശാലും കണ്ണൂർ സർവകലാശാല അംഗീകരിക്കില്ല. സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കും. അവിടെയും തോറ്റാൽ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കും.

പൊരുതുന്ന യുവത്വത്തിന്റെ പടനായകനെ അപകീർത്തിപ്പെടുത്താനുളള നീക്കത്തെ രാഷ്ട്രീയമായി നേരിടും. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഹൈക്കോടതിയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെ പ്രതീകാത്മകമായി നാടു കടത്തും.

# ഇടതുപക്ഷം സ്വജനപക്ഷം