തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ 15,259 പൊലീസുകാരെ നിയോഗിച്ചതായി ഡി.ജി.പി ലോക്നാഥ് മെഹ്റ. ഇതിൽ 920 വനിതാപൊലീസുകാരും ഉൾപ്പെടും. ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏർപ്പെടുത്തിയതായി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി, .
നാല് ഘട്ടങ്ങളുള്ള ഈ സീസണിൽ എസ്.പി, എ.എസ്.പി തലത്തിൽ 55 ഉദ്യോഗസ്ഥർ സുരക്ഷാ ചുമതലകൾക്കായി ഉണ്ടാകും. ഡിവൈ.എസ്.പി തലത്തിൽ 113 പേരും ഇൻസ്പെക്ടർ തലത്തിൽ 359 പേരും എസ്.ഐ തലത്തിൽ 1,450 പേരുമാണ് ഉണ്ടാവുക.
12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയും വനിത സി.ഐ, എസ്.ഐ തലത്തിലുളള 60 പേരെയും 860 വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ/ സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
ദക്ഷിണമേഖലാ എ.ഡി.ജി.പി എസ്.അനിൽകാന്തിനും ചീഫ് കോ-ഓർഡിനേറ്റർ എസ്. അനന്തകൃഷ്ണനുമാണ് സുരക്ഷ ഒരുക്കുന്നതിനുള്ള പ്രധാന ചുമതല നൽകിയിരിക്കുന്നത്. ഐ.ജി മനോജ് എബ്രഹാമും ചീഫ് കോർഡിനേറ്ററായിരിക്കും. ക്രമസമാധാന നില നിരീക്ഷിക്കുന്നതിനായി പ്രത്യേകം പൊലീസ് കൺട്രോളർമാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നിലയ്ക്കലിൽ ഡി.ജി.പിയുടെ നേതൃത്വത്തിൽ പൊലീസിന്റെ ഉന്നതതല യോഗം ചേർന്നു.
ഒരു എസ്.ഐയുടെ നേതൃത്വത്തിൽ 20 അംഗങ്ങളുളള കേരള പൊലീസ് കമാൻഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാൻഡോ സംഘം പമ്പയിലുണ്ടാകും. തണ്ടർ ബോൾട്ടിന്റെ ഒരു പ്ലാറ്റൂണിനെയും പൊലീസിന്റെ 234 പേരടങ്ങുന്ന ബോംബ് സ്ക്വാഡിന്റെ പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.
കൂടാതെ ദ്രുത കർമസേനയുടെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചു. എൻ.ഡി.ആർ.എഫിന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇൻസ്പെക്ടറും രണ്ട് വനിതാ സബ് ഇൻസ്പെക്ടർമാരും 30 വനിതാ സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്ന കർണാടക പൊലീസ് സംഘവും ഡ്യൂട്ടിക്കുണ്ടായിരിക്കും.