കൊല്ലം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും ബി.ജെ.പിയും ഇരട്ടപ്പെറ്റ സഹോദരമാരെപ്പോലെയാണ് പെരുമാറിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിരിച്ചുവിട്ട യോഗം ബഹിഷ്കരിച്ചത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. ശബരിമലയിലെ യുവതീപ്രവേശനത്തിന് അനുകൂല നിലപാടാണ് സി.പി.എമ്മിന്റേത്. ഞങ്ങൾ ചെയ്തതാണ് ശരിയെന്ന് കാലം തെളിയിക്കും. ഇതിൻെറ പേരിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടം സീറ്റും കുറയുമെന്നത് ചിലരുടെ വ്യാമോഹമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.