തിരുവനന്തപുരം: ട്രെയിനുകളിൽ സ്ത്രീകൾക്കുള്ള പ്രത്യേക കോച്ചുകൾ നിർത്തലാക്കുവാൻ റെയിൽവെ തീരുമാനിച്ചതായി റിപ്പോർട്ട്. പകരം ജനറൽ കോച്ചുകളിൽ സംവരണ സീറ്റുകൾ മാറ്റിവെക്കാനാണ് തീരുമാനം. കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണിത്.
സംവരണ സീറ്റുകളിന് മുകളിൽ മനസിലാക്കാൻ വേണ്ടി ബസിലേത് പോലെ സ്റ്റിക്കർ പതിക്കും. പുരുഷന്മാർ ഇരുന്നാൽ അവർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ സംവരണ രീതി നടപ്പിലാക്കിത്തുടങ്ങിയെന്നാണ് സൂചന.
തിരുവനന്തപുരം-ചെന്നെെ മെയിൽ, കൊച്ചുവേളി-ബാംഗ്ളൂർ എന്നീ ട്രെയിനുകളിലാണ് ആദ്യ ഘട്ടത്തിൽ ക്രമീകരണം നടത്തുന്നത്. ഈ ട്രെയിനുകളിൽ നിലവിലുള്ള മൂന്ന് ജനറൽ കമ്പാർട്ടുമെന്റുകളിലെന്നിൽ ഒന്നുമുതൽ 30 വരെയുള്ള സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിയിട്ടുണ്ട്.
ലിങ്ക് ഹോഫ്‌മാൻ ബുഷ് [എൽ.എച്ച്.ബി.] കോച്ചുകൾ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സംവരണം നടപ്പിലാക്കുന്നത്. പാഴ്സൽ വാൻ സൗകര്യമുള്ള എസ്.എൽ.ആർ. കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകൾക്ക് മാറ്രിവച്ചിട്ടുള്ളത്.
എന്നാൽ യാതൊരുവിധ മുന്നൊരുക്കമില്ലാത്ത ഈ തീരുമാനത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.