-sabarimala-protest

ശബരിമല : മണ്ഡല - മകരവിളക്ക് ഉത്സവകാലത്ത് ശബരിമല നട അടച്ചശേഷം സന്നിധാനത്ത് രാത്രി തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നിലയ്ക്കലിൽ നടന്ന പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാൻ അനുമതിയുള്ളത്. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമായതായി ഡി.ജി.പി പറഞ്ഞു. ശബരിമലയിലെത്തുന്നതിന് സുരക്ഷ ഒരുക്കണമെന്ന തൃപ്തി ദേശായിയുടെ മെയിൽ കിട്ടിയിരുന്നു. എന്നാൽ അവരുടെ സന്ദർശനം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിവായിട്ടില്ല.

700 ഓളം സ്ത്രീകൾ ശബരിമല ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബരിമലയിൽ സംഘർഷ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ഡി.ജി.പി പറഞ്ഞു.