പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ ക്രമസമാധാന നില വഷളാവാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജൻസ്. യുവതികൾ പ്രവേശിക്കുന്നത് തടയാൻ പ്രതിഷേധക്കാർ പല സംഘങ്ങളായി ശബരിമലയിലെത്താനാണ് തയ്യാറെടുക്കുന്നതെന്ന് ഇന്റലിജൻസ് അറിയിപ്പിൽ പറയുന്നു.
ഇവർ കാനനപാത വഴി എത്താനാണ് സാദ്ധ്യത. അതിനാൽ ഇവരെ നിയന്ത്രിക്കാൻ പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. ശബരിമലയിൽ സംഘർഷ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുള്ളതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സ്ഥിരീകരിച്ചിരുന്നു. എന്നാൽ സുരക്ഷാകാരണങ്ങളാൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നിലയ്ക്കലിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഡി.ജി.പി.
തുലാമാസ പൂജയ്ക്കും ചിത്തിരആട്ട വിശേഷത്തിനുമായി നട തുറന്നപ്പോൾ ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളും സംഘർഷ ഭരിതമായിരുന്നു.
ഇതുവരെ 800ലേറെ യുവതികൾ ശബരിമല ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് തൃപ്തി ദേശായിയും സംഘവും അയ്യപ്പദർശനത്തിനായി ശനിയാഴ്ച എത്തുമെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.ആചാരലംഘനം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്താൻ വിവിധ ഹൈന്ദവ സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്.