തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധി നടപ്പിലാക്കുന്നതിൽ സാവകാശം തേടുന്നതിനെ സംബന്ധിച്ച് നാളെ രാവിലെ ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്‌മകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എല്ലാ വശങ്ങളും നോക്കിയാകും തീരുമാനം. ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണ്. ബോർഡ് അതിന്റെ ഉത്തരവാദിത്വം നിർവഹിക്കുമെന്നും പദ്മകുമാർ പറഞ്ഞു.
ശബരിമല ക്ഷേത്രം കലാപഭൂമിയാക്കരുതെന്നും പദ്മകുമാർ അഭ്യർത്ഥിച്ചു. മനപ്പൂർവം പ്രശ‌്നങ്ങളുണ്ടാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ആളുകൾ എത്തിയിരുന്നു. അത് ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നതായും എ. പദ്മകുമാർ പറഞ്ഞു.
ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി നടപ്പാക്കാൻ ദേവസ്വം ബോർഡിനു സാവകാശം തേടാമെന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജകുടുംബവും തന്ത്രിമാരുമായുള്ള ചർച്ചയിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. സർക്കാരിന് വിധി നടപ്പാക്കാൻ സാവകാശം തേടി കോടതിയെ സമീപിക്കാനാകില്ലെന്നും സാവകാശഹർജി നൽകണോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് തീരുമാനമെടുക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവർമയും വ്യക്തമാക്കിയിരുന്നു.