gaja-cyclone

ചെന്നെെ: ജനങ്ങളെ ആശങ്കയിലാക്കി ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്രർ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇത് വ്യാഴാഴ്ച അർദ്ധരാത്രിയോടെ നാഗപട്ടണം ജില്ല തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. നവംബർ ഒന്നിന് 10 കിലോമീറ്രർ മാത്രം വേഗതയുണ്ടായിരുന്ന ഗജ ചുഴലിക്കാറ്റ് തീരത്ത് പ്രവേശിക്കുന്നതോടെ 100 കിലോമീറ്രർ വരെ വേഗതയാർജിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

നാഗപട്ടണം,കടലൂർ, തഞ്ചാവൂർ,തിരുവാരൂർ,തുത്തുക്കുടി എന്നിവിടങ്ങളിൽ കൊടുങ്കാറ്റിനോടൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ട് ഈ മേഖലയിൽ വെെദ്യുതബന്ധം വിഛേദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.അപകടസാധ്യതാ ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. പതിനായിരത്തിലേറെ ആൾക്കാരെ സുരക്ഷിത താവളത്തിലേക്ക് മാറ്രിപ്പാർപ്പിച്ചു.ചുഴലിക്കാറ്റിനെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.അണ്ണാ യൂണിവേഴ്സിറ്റി വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.