lucifer-movie

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥിരാജും മോഹൻലാലും ഒരുമിക്കുന്ന ലൂസിഫർ. സൂപ്പർതാരം മോഹൻലാൽ നായകനാകുമ്പോൾ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥിരാജാണ്. പൃഥിരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൂസിഫർ. അടുത്ത ഏപ്രിലിൽ വിഷു റിലീസായാണ് ലൂസിഫർ തിയേറ്ററുകളിലെത്തുന്നത്.

മഞ്ജുവാര്യരാണ് ലൂസിഫറിൽ മോഹൻലാലിന്റെ നായികയാകുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കി ഇപ്പോൾ മുംബയ്‌യിലാണ് ബാക്കിഭാഗങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നത്.

ഷൂട്ടിംഗിനിടയിലെ ചിത്രങ്ങൾ പൃഥിരാജും മോഹൻലാലും സോഷ്യൽ മീഡി‌യയിൽ പങ്കുവച്ചിരുന്നു. മോഹൻലാലിന്റെയും മഞ്ജുവാര്യരുടെയും ഷൂട്ടിംഗിനിടയിലെ ചിത്രമാണ് അതിൽ ഏറ്റവും പുതിയത്. സംവിധായകനായ പൃഥിരാജ് തന്നെയാണ് ചിത്രം പകർത്തിയത്. ലൂസിഫറിന്റെ ഒഫിഷ്യൽ പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഹീറോ ആൻഡ് ഹിറോയിൻ, മോഹൻലാൽ മഞ്ജുവാര്യർ എന്ന് ചിത്രത്തിന് ഹാഷ്ടാഗും നൽകിയിട്ടുണ്ട്. ഫോട്ടോയ്ക്ക് പൃഥിരാജിന് കടപ്പാട് നൽകിയിട്ടുണ്ട്.

മോഹൻലാലിനും മഞ്ജുവാര്യർക്കും കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ്, വിവേക് ഒബ്റോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാഭവൻ ഷാജോൺ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, താരാ കല്യാൺ, പ്രവീണ തോമസ്, മാല പാർവതി എന്നിവരാണ് മറ്റു താരങ്ങൾ.

സുജിത് വാസുദേവ് കാമറയും സാംജിത്ത് എഡിറ്റിംഗും നിർവഹിക്കുമ്പോൾ സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നടൻ മുരളി ഗോപിയാണ്.