ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകൾ ഒരു കാലത്ത് അടക്കിഭരിച്ചിരുന്ന ജാവ മോട്ടോർസൈക്കിൾസ് 22 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമെത്തി. എൻഫിൽഡിന്റെ ബുള്ളറ്റ് ശ്രേണി ബൈക്കുകളെ അനുസ്‌മരിപ്പിക്കുന്ന രൂപഭാവമാണെങ്കിലും ഇവൻ വ്യത്യസ്ഥനാണ്. 50കളിലാണ് ചെക്ക് ബൈക്ക് നിർമാതാക്കളായ ജാവ ഇന്ത്യയിൽ ആദ്യമെത്തിയത്. എന്നാൽ ഇറക്കുമതിയായാണ് അന്ന് ഇന്ത്യയിൽ ഈ ബൈക്ക് ലഭിച്ചിരുന്നത്. 1960 മുതൽ ഇന്ത്യയിൽ നിർമാണം ആരംഭിച്ച ജാവ പിന്നെ പുതിയ നാമം സ്വീകരിച്ചു-യെസ്ഡി. അന്നത്തെ ബൈക്ക് പ്രേമികളുടെയും യുവാക്കളുടെയും ഹരമായിരുന്നു 'യെസ്ഡി' എന്ന ജാവ. എന്നാൽ ഇന്ധന ക്ഷമതയുള്ള ബൈക്കുകൾ വിപണി കീഴടക്കാൻ തുടങ്ങിയതോടെ ജാവയുടെ ആവശ്യക്കാർ കുറഞ്ഞു. 1996ലാണ് ജാവാ അവസാനമായി ഒരു ബൈക്ക് വിപണിയിലിറക്കിയത്.
ജാവയുടെ മുന്ന് മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ജാവയുടെ ആദ്യ മോട്ടോർബൈക്കിന്റെ പേര് തന്നെയാണ് പുതിയ ജാവയിലെ ആദ്യ ബൈക്കിനും നൽകിയിരിക്കുന്നത്- ദി ജാവ. ജാവ 42, ജാവ പേരക് എന്നിവയാണ് മറ്റു മോഡലുകൾ. ജാവ 293 സി.സി എൻജിനിലാണ് പ്രവർത്തിക്കുന്നത്. റോയൽ എൻഫീൽഡ് ബൈക്കുകളുടെ 350സി.സി മോഡലുകൾക്ക് എതിരാളിയായാണ് ജാവ എത്തുന്നത്. ഇന്ത്യയിൽ തരംഗമായ പഴയ ജാവയെ പോലത്തെ രൂപമാണ് പുത്തൻ ജാവയ്ക്കും നൽകിയിരിക്കുന്നത്. എന്നാൽ പഴയ മോഡലിന്റെ ലുക്ക് മാത്രമാണ് ജാവയ്ക്കുള്ളത്. കൂടുതൽ കുതിരശക്തിയും മെച്ചപ്പെട്ട നിർമാണ നിലവാരവും പുതിയ ജാവയ്ക്ക് ഉണ്ട്.
293 സി.സി ലിക്വിഡ് കൂളിംഗ് എൻജിനുള്ള ബൈക്കിന് 27 എച്ച്.പി. കുതിരശക്തിയും 28 എൻ.എം ടോർക്കുമുണ്ട്. ആറ് സ്പിഡിൽ ഷിഫ്റ്റ് ചെയ്യാവുന്ന ഗിയർ ബോക്സാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സുരക്ഷയ്ക്കായി ബൈക്കിന്റെ മുൻ ടയറിൽ 280 എം.എം. ഡിസ്ക് ബ്രേക്കുകളും പിൻ ടയറിൽ 153 എം.എം. ഡ്രം ബ്രേക്കുമാണ് ഉള്ളത്. ഇത് കാരണം എ.ബി.എസ്. ബ്രേക്കിംഗ് സംവിധാനം മുൻ ടയറുകളിൽ മാത്രമാണ് ലഭിക്കുക. 170 കിലോഗ്രാം ഭാരം വരുന്ന ഈ ബൈക്കിന്റെ വീൽബേസ് 1,369 മില്ലിമീറ്ററാണ്. ഇന്ധന ടാങ്കിൽ 14 ലിറ്റർ പെട്രോൾ വരെ ഉൾക്കൊള്ളാനാകും. ജാവ 42നും ജാവ പേരകിനും ഇതേ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. എൻജിൻ ഒന്നാണെങ്കിലും 332 സി.സി. എൻജിനാണ് പേരകിലുള്ളത്. 30 എച്ച്.പി കുതിരശക്തിയും 31എൻ.എം ടോർക്കും ഇതിന് ഉത്‌പാദിപ്പിക്കാൻ കഴിയും.
മൂന്ന് വ്യത്യസ്ഥ നിറങ്ങളിലാകും ജാവ എത്തുക- ബ്ളാക്ക, ഗ്രേ, മറൂൺ. എന്നാൽ ജാവ 42 ആറ് വിവിധ നിറങ്ങളിലെത്തും. ജാവയ്ക്ക് 1.64 ലക്ഷം രൂപയാകും ദില്ലി എക്സ് ഷോറൂം വില. ജാവ 42ന് 1.55 ലക്ഷവും, ജാവ പേരകിന് 1.89 ലക്ഷവുമാണ് ദില്ലി എക്സ് ഷോറൂം വില. എന്നാൽ എന്ന് മുതൽ ഇവ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.