കോട്ടയം: വെള്ളിയാഴ്ച നടതുറക്കാനിരിക്കെ ശബരിമലയ്ക്കൊപ്പം എരുമേലിയിലും ജില്ലാകളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എരുമലി ടൗണിലും കണമല, മുക്കൂട്ടുതറ, എം.ഇ.എസ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലുമാണ് വെള്ളിയാഴ്ച രാവിലെ ആറു മുതൽ ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇവിടങ്ങളിൽ പൊതുയോഗം, പ്രകടനങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ തുടങ്ങിയവയും കൂട്ടംകൂടുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ തീർത്ഥാടകരുടെ വാഹനത്തിലോ കാൽനടയായോ ഉള്ള യാത്രയ്ക്കോ മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്ക്കോ നിരോധനമില്ല. നേരത്തെ, നിലയ്ക്കല്‍, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 22 വരെ നിരോധനാജ്ഞ നീളും. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.