പ്രക്ഷേപണം എന്ന വാക്ക് ലോകചരിത്രത്തിൽ എഴുതപ്പെട്ടത് റേഡിയോ എന്ന വിസ്മയകരമായ കണ്ടുപിടിത്തത്തോടെയാണ്. ശബ്ദം റേഡിയോ തരംഗങ്ങളുടെ രൂപത്തിൽ വയർലെസ് ആയി ലോകമെങ്ങും എത്താൻ തുടങ്ങിയത് ചരിത്രത്തിലെ തന്നെ വൻ മുന്നേറ്റമാണ്. ടെലിവിഷൻ രംഗപ്രവേശം ചെയ്യുന്നതിന് മുൻപുവരെ റേഡിയോ ഒാരോ വീട്ടിലെയും ആഡംബരമായിരുന്നു രാഷ്ട്രീയനേതാക്കൾ തങ്ങളുടെ പ്രഭാഷണങ്ങൾ റേഡിയോയിലൂടെ നടത്തി ലോകത്തെ പ്രധാനസംഭവങ്ങൾ കേൾക്കാൻ ജനങ്ങൾ കാത് കൂർപ്പിച്ച് റേഡിയോക്ക് മുന്നിലിരിക്കാൻ തുടങ്ങി.
കല, സാഹിത്യം എന്നിവയെ വളർത്താനും റേഡിയോയ്ക്ക് കഴിഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ കേൾക്കാൻ റേഡിയോയ്ക്ക് മുന്നിലിരുന്ന സുവർണകാലമുണ്ടായിരുന്നു. ഇന്നും റേഡിയോ നിലനിൽക്കുന്നു, സാറ്റലൈറ്റ് രൂപത്തിലും എഫ്.എം റേഡിയോ ആയും ജനങ്ങളുടെ കാതുകളിൽ ഇമ്പം നിറയ്ക്കുന്നു.
ആദ്യപ്രദർശനം
1893 ൽ നിക്കോള ടെസ്സ ആണ് റേഡിയോ പരീക്ഷണത്തിന്റെ ആദ്യപ്രദർശനം നടത്തിയത്. ട്രാൻസിസ്റ്ററുകളുടെ ആദ്യകാല രൂപമായിരുന്നു ഇത്. ഇൗ സമയത്ത് തന്നെയാണ് ഗൂഗ്ളിയെൽമോ മാർക്കോണി റേഡിയോ പരീക്ഷണങ്ങളിൽ ശ്രദ്ധവച്ചത്. കമ്പികളുടെ സഹായമില്ലാതെ തരംഗങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും ഇൗ ഉപകരണത്തിന് കഴിഞ്ഞു. ഇൗ ഉപകരണം വഴി തന്റെ അച്ഛന്റെ കൃഷിയിടത്തിലേക്ക് സന്ദേശങ്ങൾ മാർക്കോണി അയച്ചിരുന്നു.
വയർലെസ് ടെലിഗ്രാഫ് കമ്പനി സ്ഥാപിക്കാൻ മാർക്കോണിയെ പ്രേരിപ്പിച്ചത് അമ്മയായിരുന്നു അങ്ങനെ റേഡിയോ കണ്ടുപിടിച്ചതിനുള്ള ആദ്യ പേറ്റന്റ് മാർക്കോണി സ്വന്തമാക്കി.
അമേരിക്കൻ പേറ്റന്റ് ടെസ്ല സ്വന്തമാക്കിയെങ്കിലും റേഡിയോ വ്യാവസായികമായി ഉപയോഗിച്ചത് മാർക്കോണിയായിരുന്നു.
1941 ൽ അമേരിക്കൻ കോടതി റേഡിയോ തരംഗങ്ങളിലൂടെ ശബ്ദസന്ദേശങ്ങൾ ടെസ്ലയാണ് അയച്ചതെന്ന് വിധിയെങ്കിലും അതിനെ വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചതിന്റെ ബഹുമതി മാർക്കോണിക്കാണ്.
ആദ്യപരസ്യം
1922 ൽ ന്യൂയോർക്കിലെ ഒരു സ്റ്റേഷനാണ് ആദ്യമായി പരസ്യം പ്രക്ഷേപണം ചെയ്തത്. 1912 ഏപ്രിൽ 15ന് ടൈറ്റാനിക് കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ വാർത്തയുടെ വിശദവിവരങ്ങൾ അറിഞ്ഞത് റേഡിയോയിലൂടെയായിരുന്നു.
ഒന്നാം ലോകയുദ്ധം നടക്കുന്ന സമയത്ത് രാജ്യത്തേക്ക് എത്തുന്ന എല്ലാ റേഡിയോ സന്ദേശങ്ങളും വിശദമായി പരിശോധിക്കാൻ പ്രസിഡന്റായിരുന്ന വുഡ്രോ വിൽസൺ ആവശ്യപ്പെട്ടു. എന്നാൽ മാർക്കോണിയുടെ കമ്പനി ഇത് അനുസരിച്ചില്ല. അതിനാൽ അമേരിക്കൻ നാവികസേന മാർക്കോണിയുടെ നിലയം ഒന്നരമാസത്തേക്ക് പൂട്ടിച്ചു.
അവസാനം വാർത്തകളെ പരിശോധിക്കാൻ മാർക്കോണിയുടെ കമ്പനി തീരുമാനിച്ചു. യുദ്ധക്കാലത്ത് സൈനികരുടെ ആശയവിനിമയോപാധിയായത് റേഡിയോയായിരുന്നു.
ആദ്യ മനുഷ്യ ശബ്ദം
1906 ലാണ് മനുഷ്യശബ്ദം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തത്. ആ ക്രിസ്മസ് രാത്രിയിൽ ഒാ ഹോളി നൈറ്റ് എന്ന ഗാനം ബൈബിൾ സന്ദേശത്തിന്റെ കൂടെ പ്രക്ഷേപണം ചെയ്തു. റെയ്നോൾഡ് ഫെസഡിൻ എന്ന അമേരിക്കൻ ശാസ്ത്രജ്ഞനാണ് മനുഷ്യശബ്ദം ആദ്യമായി പ്രക്ഷേപണം ചെയ്തത്.
പാം മ്യൂസിക്
റേഡിയോ ജോക്കികളുടെ തുടക്കം. സരസമായ ചെറു സംഭാഷണങ്ങൾ ഉൾപ്പെടുത്തി പ്രക്ഷേപണം ചെയ്ത സംഗീതവിരുന്നാണ് പോട്ടസ് പാം മ്യൂസിക് എന്നറിയപ്പെട്ടിരുന്നത്.
റേഡിയോ ഫോറങ്ങൾ
വിനോദത്തിലൂടെ വിജ്ഞാനം എന്ന ലക്ഷ്യമിട്ട് ഗ്രാമങ്ങളിൽ രൂപീകരിച്ചതാണ് റേഡിയോ ഫോറങ്ങൾ. റേഡിയോയിലെ പരിപാടികളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കുക എന്നതാണ് ഇവയുടെ പ്രവർത്തനം.
വോയ്സ് ഒഫ് ഇന്ത്യ
1939 ൽ പഷ്ണു ഭാഷയിലാണ് ആദ്യമായി സംപ്രേക്ഷണം ആരംഭിച്ചത്. ആകാശവാണിയുടെ അന്തർദേശീയ പ്രക്ഷേപണമാണിത്.
എഫ്. എം
എഫ്. എംഫ്രീക്വൻസി മോഡുലേഷൻ ഉപയോഗിച്ച് റേഡിയോ പ്രക്ഷേപണം നടത്തുന്നതാണ് ഇന്ന് പ്രചുരപ്രചാരമേറിയ എഫ്.എം. 1933 ൽ അമേരിക്കൻ എൻജിനിയറായിരുന്ന എഡ്വിൻ ആംസ്ട്രോങ്ങാണ് എഫ്. എം റേഡിയോ കണ്ടുപിടിച്ചത്. കേരളത്തിൽ നിരവധി എഫ്.എം. ചാനലുകളുണ്ട്.
റേഡിയോ കേരളത്തിൽ
കേരളത്തിൽ തിരുവനന്തപുരത്ത് 1934 ലാണ് ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1956 ൽ ഇൗ നിലയം കേന്ദ്രസർക്കാർ ഏറ്റെടുത്തു ഇൗവർഷം തന്നെ കോഴിക്കോട് നിലയം പ്രവർത്തനം തുടങ്ങി. 1956 ൽ തൃശൂർ നിലയം തുടങ്ങി. കേരളത്തിലിന്ന് 7 റേഡിയോ നിലയങ്ങളുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂർ , കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, ദേവികുളം.
എന്തുകൊണ്ട് റേഡിയോ തരംഗങ്ങൾ
വൈദ്യുത കാന്തിക തരംഗ സമൂഹത്തിൽ ഉൾപ്പെടുന്നതാണ് റേഡിയോ തരംഗം. ആവൃത്തിയുടെ അടിസ്ഥാനത്തിൽ റേഡിയോ തരംഗങ്ങളെ തരംതിരിച്ചിരിക്കുന്നു-ഹ്രസ്വ തരംഗങ്ങൾ, ദീർഘതരംഗങ്ങൾ, വളരെ ഉയർന്ന ആവൃത്തി തരംഗങ്ങൾ, അൾട്രാ ഹൈ ഫ്രീകൻസി തരംഗങ്ങൾ, മൈക്രോ തരംഗങ്ങൾ, റഡാർ തരംഗങ്ങൾ. തരംഗ ദൈർഘ്യം കൂടുതലായതിനാൽ തടസങ്ങളെ മറികടന്ന് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്നു. അതിനാലാണ് ഇവ പ്രക്ഷേപണത്തിന് ഉപയോഗിക്കുന്നത്.
ആകാശവാണിക്ക് പേരിട്ടത് ടാഗോർ
ഇന്ത്യയുടെ ഒൗദ്യോഗിക റേഡിയോയാണ് ആൾ ഇന്ത്യ റേഡിയോ. പ്രസാർഭാരതിയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ഡൽഹിയിലെ ആകാശവാണി ഭവനാണ് ആൾ ഇന്ത്യ റേഡിയോയുടെ ആസ്ഥാനം. 1927 ലാണ് ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. കൊൽക്കത്തയിലും മുംബയിലും. 1930 ൽ ദേശസാത്കരിക്കപ്പെട്ട് ഇന്ത്യാ പ്രക്ഷേപണ നിലയം എന്ന പേര് സ്വീകരിച്ചു. 1936 ൽ അഖിലേന്ത്യാ റേഡിയോ എന്നായി. 1957 ലാണ് ആകാശവാണിയായി മാറിയത്.
വിദൂര സ്ഥലങ്ങളിൽ പോലും കടന്നുചെല്ലാൻ ആകാശവാണിക്ക് കഴിയുന്നു. കടുത്ത മത്സരമാണ് ആകാശവാണി നേരിടുന്നതെങ്കിലും ഇന്നും പ്രിയപ്പെട്ടതാണ്. വിവിധ് ഭാരതി ജനപ്രിയ വിനോദ പരിപാടികൾക്കായുള്ള ആകാശവാണിയുടെ ചാനലാണ്. 1957 ഒക്ടോബർ 2 നായിരുന്നു വിവിധ് ഭാരതി ആരംഭിച്ചത്. ആകാശവാണിയുടെ തനത് ശൈലിയിൽ നിന്നുമാറി ചലച്ചിത്രഗാനങ്ങളും വിനോദപരിപാടികളും അവതരിപ്പിച്ച് ജനഹൃദയങ്ങളിൽ ഇടം നേടി.
ആകാശവാണിക്ക് ആ പേര് നൽകിയത് മഹാകവി രവീന്ദ്രനാഥ ടാഗോറാണ്.
ലോകപ്രശസ്ത റേഡിയോ നെറ്റ്വർക്കുകൾ
ബി.ബി.സി : ബ്രിട്ടീഷ് പാർലമെന്റിന്റെ നിയന്ത്രണത്തിൽ 1922 ൽ സ്ഥാപിതമായ നിലയം. വാർത്തകളുടെ വിശ്വസ്തതയാണ് പ്രത്യേകത. ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രോതാക്കളുള്ളത് ബി.ബി.സിക്കാണ്. അറിയിക്കുക, പഠിപ്പിക്കുക, വിനോദിപ്പിക്കുക എന്നതാണ് പ്രവർത്തനവാക്യം.
റേഡിയോ ആസ്ട്രേലിയ : ആസ്ട്രേലിയൻ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷന്റെ റേഡിയോ നിലയം. ഇംഗ്ളീഷ്, ഫ്രഞ്ച്, പിഡ്ജിൻ എന്നീ ഭാഷകളിൽ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നു. 2017 മുതൽ ഷോർട്ട് വേവ് പ്രക്ഷേപണം നിറുത്തി ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി.
റേഡിയോ നേപ്പാൾ : നേപ്പാളിന്റെ ഒൗദ്യോഗിക റേഡിയോ 1951 ൽ സ്ഥാപിതമായി.
വോയിസ് വെല്ലെ : ജർമ്മനിയുടെ ഒൗദ്യോഗിക റേഡിയോ. ആസ്ഥാനം ബേൺ നഗരമാണ്. 1953 ൽ സ്ഥാപിതമായ ഇത് 30 ഭാഷകളിൽ പ്രക്ഷേപണം ചെയ്യപ്പെടുന്നു.
വോയിസ് ഒഫ് അമേരിക്ക : അമേരിക്കൻ ഐക്യനാടുകളിലെ ഒൗദ്യോഗിക പ്രക്ഷേപണം നിർവഹിക്കുന്നു. 45 ഭാഷകളിൽ സംപ്രേഷണം ചെയ്യപ്പെടുന്നു. 1942 ലാണ് സ്ഥാപിതമായത്. വാഷിംഗ്ടൺ ആണിതിന്റെ ആസ്ഥാനം.
റേഡിയോ സിലോൺ: ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള റേഡിയോ സ്റ്റേഷൻ. 1925 മുതൽ പ്രക്ഷേപണം തുടങ്ങി. മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷനായിരുന്നു ഇത്. കൊളംബോ റേഡിയോ എന്നായിരുന്നു ആദ്യത്തെ പേര്. ലോകത്തിലെ ഏറ്റവും പഴയ രണ്ടാമത്തെ റേഡിയോ സ്റ്റേഷനാണിത്. തമിഴ്, സിംഹള, ഇംഗ്ളീഷ് ഭാഷകളിൽ പരിപാടികളുണ്ട്.