കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തി. പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ഇവര്‍ എത്തിയത്. ആറ് യുവതികളും ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയിട്ടുണ്ട്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പ്രതിഷേധക്കാര്‍ തൃപ്തി ദേശായിയെയും സംഘത്തെയും അനുവദിച്ചിട്ടില്ല. ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി നാമജപ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. തൃപ്തി ദേശായിയെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.നേരം പുലർന്നതോടെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരുടെ എണ്ണം കൂടിവരുകയാണ്. വിമാനത്താവളത്തിന് മുൻവശം കൈയ്യടക്കിയ പ്രതിഷേധക്കാർ ഇവിടെ കുത്തിയിരുന്ന് സമാധാനമായി നാമജപം നടത്തി പ്രതിഷേധിക്കുകയാണ്.
അതേ സമയം തൃപ്തി ദേശായിക്ക് സഞ്ചരിക്കാന്‍ ടാക്സി നല്‍കാനാവില്ലെന്ന് വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്സി സേവനം ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും അവരും ആക്രമണഭീതിയില്‍ വരാന്‍ തയ്യാറായിട്ടില്ല. എന്നാൽ ശബരിമലയിൽ ദർശനം നടത്താനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് തൃപ്തി ദേശായി പ്രതികരിച്ചു.ഇന്ന് കൊച്ചിയിലെ ഹോട്ടലിൽ തങ്ങി നാളെ രാവിലെ ശബരിമലയിലെത്തുമെന്നും,സുരക്ഷ നൽകാമെന്ന് പൊലീസ് ഉറപ്പ് നൽകിയെട്ടുണ്ടെന്നും തൃപ്തി ദേശായി പറഞ്ഞു.
അതേ സമയം ശബരിമലയിൽ ദർശനത്തിനെത്തുന്ന തൃപ്തി ദേശായിക്കും കൂടെയുള്ള ആറുപേർക്കും പൊലീസ് സുരക്ഷ നൽകുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ അവരുടെ ചിലവ് വഹിക്കണമെന്ന തൃപ്തിയുടെ ആവശ്യം സർക്കാർ തള്ളുകയും അവർക്ക് വാഹനമോ ഹോട്ടലോ ഗസ്റ്റ്ഹൗസോ നൽകില്ലെന്നും അറിയിച്ചിരുന്നു.