കൊച്ചി: ഓൺലൈൻ, സ്വകാര്യ ടാക്‌സിക്കാരും കൈയ്യൊഴിഞ്ഞെങ്കിലും ശബരിമലയിൽ ദർശനം നടത്താതെ തിരിച്ച് പോകില്ലെന്ന നിലപാടുമായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടരുന്നു. രാവിലെ നാലരയോടെ ഇൻഡിഗോ വിമാനത്താവളത്തിൽ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെത്തിയ തൃപ്‌തിയും സംഘവും ബി.ജെ.പി, ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നാല് മണിക്കൂറിലേറെയായി അവിടെത്തന്നെ തുടരുകയാണ്. പ്രായമായ സ്ത്രീകൾ അടക്കമുള്ള പ്രതിഷേധക്കാരും നാമജപവുമായി രംഗത്തുണ്ട്. ഒരുകാരണവശാലും തൃപ്‌തിയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇതിനിടെ വേറൊരു വഴിയിലൂടെ തൃപ്‌തിയെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം, തൃപ്‌തി ദേശായി പുറത്തിറങ്ങിയാൽ പ്രതിഷേധം കടുപ്പിക്കുമെന്നാണ് ബി.ജെ.പി പ്രവർത്തകരുടെ നിലപാട്. സംഘർഷമുണ്ടാക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാൽ ഇക്കാര്യം അവഗണിച്ചാൽ കടുത്ത നിലപാടുകളിലേക്ക് പോകുമെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ.വി.ബാബു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ പറഞ്ഞ് മനസിലാക്കാനായി തൃപ്‌തി ദേശായിയുമായി ചർച്ച നടത്താൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ തൃപ്‌തിയെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തൃപ്‌തിക്ക് സുരക്ഷ നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് പൊലീസ് വൃത്തങ്ങൾ വിശദീകരിച്ചു. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് സ്വന്തം നിലയിൽ വാഹനം തരപ്പെടുത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിലെയും ഓൺലൈൻ ടാക്‌സികളും ഇതിന് തയ്യാറാകാത്തതോടെ കാര്യങ്ങൾ വീണ്ടും രൂക്ഷമായി. അതേസമയം, തൃപ്‌തിക്ക് സുരക്ഷ നൽകുന്ന കാര്യം പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.