നാഗപട്ടണം(തമിഴ്നാട്): സംസ്ഥാനത്ത് ശക്തമായി വീശിയ ഗജ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച പുലർച്ചെ വീശിയ കാറ്റിൽ വിവിധ ജില്ലകളിലായി നാല് പേർ മരിച്ചു. കടലൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പേരും പുതുക്കോട്ടയിലും വിരുതാചലത്തും ഒരാൾ വീതവും മരിച്ചു.
തമിഴ്നാടിന്റെ വടക്കൻ മേഖലയിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നിരവധി വീടുകളാണ് തകർന്നത്. ഗജ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. വിവിധ ജില്ലകളിലായി മുന്നൂറിലധികം താൽക്കാലിക കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
1077, 1070 എന്നീ ഹെൽപ്‌ലൈൻ നമ്പറുകളിൽ സേവനം ലഭ്യമാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.