കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകൾക്ക് നൽകുമെന്ന് അറിയിച്ച അച്ഛേദിൻ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയുടെ വിമർശനം. തനിക്ക് സുരക്ഷ നൽകേണ്ടത് കേരള സർക്കാരിന്റെ ഉത്തരവാദിത്വമാണ്. താൻ ആക്രമിക്കപ്പെട്ടാൽ കേരള സർക്കാർ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച് കൊച്ചി വിമാനത്താവളത്തലെത്തിയ തൃപ്‌തിക്ക് പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങാനായിട്ടില്ല. ഇക്കാര്യത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
താൻ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് അച്ഛേദിൻ നൽകുമെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാൽ വിമാനത്താവളത്തിന് പുറത്ത് കൊടികളുമായി അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെയാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഇക്കൂട്ടർ ഭക്തരല്ല, ഗുണ്ടകളാണ്. തനിക്ക് വി.ഐ.പി സുരക്ഷ നൽകണമെന്ന് കേരള സർക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ശബരിമലയിൽ ദർശനം നടത്തുന്നതിന് വേണ്ട സുരക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. കേരളത്തിൽ കാലുകുത്തിയാൽ കഷണങ്ങളായി വെട്ടിനുറുക്കുമെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന ഭീഷണി സന്ദേശങ്ങൾ. ക്ഷേത്രദർശനം നടത്താൻ ജീവനോടെ ഉണ്ടാകില്ലെന്നും ചിലർ ഭീഷണി മുഴക്കി. ഈ സാഹചര്യത്തിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കേരള പൊലീസിനും സർക്കാരിനുമാണെന്നും അവർ കൂട്ടിച്ചേർത്തു.