സ്ത്രീ പുരുഷൻ എന്നതിലുപരി 23 ലിംഗഭേദങ്ങൾ കൂടി ഉൾപ്പെടുത്തി ഡേറ്റിംഗ് അപ്ലിക്കേഷനായ ടിന്റർ പുതിയ ഫീച്ചർ അവതരിപ്പിച്ചു. സമാന ഇഷ്ടങ്ങളുള്ളതും തങ്ങളുടെ താൽപര്യങ്ങൾക്ക് ഇണങ്ങുന്നതുമായ ആളുകളെ ചുറ്റുപാടുകളിൽ നിന്നും കണ്ടെത്തുന്നതിനും, അവരുമായി ആശയവനിമയം നടത്തുന്നതിനും കൂടാതെ സൗഹൃദം സ്ഥാപിക്കുന്നതിനും അവസരമൊരുക്കുന്ന ആപ്ലക്കേഷനാണ് ടിന്റർ. ടിന്ററിന്റെ ഈ പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് യോജിച്ച ലിംഗഭേദം തെരഞ്ഞടുക്കാൻ സാധിക്കും.സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗഭേദങ്ങൾ മാത്രമായിരുന്നു ടിന്ററിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ട്രാൻസ്ജന്റർ ഉൾപ്പെടെ 23 ലിംഗഭേദങ്ങളാണ് ടിന്റർ ഉൾപ്പെടുത്തിയത്. ഇന്ത്യൻ ഉപയോക്താക്കൾക്കായാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്.

നവംബർ 12നാണ് ട്രാൻസ്‌ജെന്റ‌ർ അവേർനസ്സ് വീക്ക്' എന്ന പേരിൽ പുതിയ ഫീച്ചർ പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള എൽജിബിടിക്യു സ്ഥാപനമായ ഹംസഫർ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനത്തിന് തുടക്കമിട്ടത്. ഉപയോക്താക്കൾക്ക് സത്യസന്ധമായി അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്ന് ടിന്റർ ജനറൽ മാനേജർ താരു കപൂർ പറഞ്ഞു. എങ്ങനെ ലിംഗം ചേർക്കാമെന്ന് ടിന്റർ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. സ്‌ക്രീനിൽ I AM എന്ന് തിരഞ്ഞെടുക്കുക. ശേഷം MORE ക്ലിക്ക് ചെയ്യുക.ഇവിടെ ഓരോരുത്തർക്കും അനുയോജ്യമായ ലിംഗം GENDER ഓപ്ഷനിൽ നിന്നും തെരഞ്ഞടുക്കാം. തങ്ങളുടെ ലിംഗഭേദം എന്താണെന്നുള്ളത് പ്രദർശിപ്പിക്കാൻ പുതിയ ടോഗിൾ ബട്ടനും ടിന്റർ ഉൽപ്പെടുത്തിയിട്ടുണ്ട്. ഇനിമുതൽ ട്രാൻസ്ജന്റർ മുതൽ ലിംഗഭേദം സ്ഥിരീകരിക്കാത്ത വിഭാഗങ്ങൾക്ക് വരെ ടിന്ററിനെ ആശ്രയിക്കാമെന്നും ഇവരുടെ ബ്ലോഗിൽ പറയുന്നു.