പമ്പ: അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇലവുങ്കൽ മുതൽ സന്നിധാനം വരെ നവംബർ 14മുതൽ ജനുവരി 14ന് മകരവിളക്ക് കഴിയുന്നതു വരെ രണ്ടുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ, ഇന്നലെ അർദ്ധരാത്രി മുതൽ ഒരാഴ്ചത്തേക്കാണ് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഈ ദിവസങ്ങളിലെ ക്രമസമാധാന നില പരിഗണിച്ച ശേഷം നിരോധനാജ്ഞ തുടരണമോ എന്നു തീരുമാനിക്കും.
യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധവും നാമജപത്തിനുളള ഒത്തു ചേരലും തീർത്ഥാടന കാലത്തും ഉണ്ടാകുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയാണ് രണ്ടുമാസത്തേക്കു നിരോധനാജ്ഞ ആവശ്യപ്പെട്ടത്.
തുലാമാസ പൂജയ്ക്ക് നട തുറന്ന ഒക്ടോബർ 17ന് നിലയ്ക്കലിലുണ്ടായ സംഘർഷത്തെ തുടർന്ന് നട അടച്ച 22വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ചിത്തിര ആട്ട വിശേഷത്തിനു നട തുറന്ന നവംബർ അഞ്ചിനും ആറിനും നിരോധനാജ്ഞ ഏർപ്പെടുത്തി.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ ഇതുവരെ 67 കേസുകൾ രജിസ്റ്റർ ചെയ്തു.