k-surendran

കൊച്ചി: തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകൾക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയിലെ പുണ്യഭൂമിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തർ തടയും. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു കാരണവശാലും തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകളെ ശബരിമലയിൽ കയറ്റാൻ അനുവദിക്കില്ല. വിശ്വാസികളെ നേരിടാൻ ആയിരക്കണക്കിന് പൊലീസുകാരെയാണ് ശബരിമലയിൽ സർക്കാർ നിയോഗിച്ചിരിക്കുന്നത്. എന്നാൽ കോടതി, പൊലീസ്,വെടിയുണ്ട എന്നിവയെ നേരിടാൻ തയ്യാറായി തന്നെയാണ് ഭക്തർ മല ചവിട്ടുന്നത്. എന്തും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇത് ഭക്തരുടെ വികാരമാണ്. വിമാനത്താവളത്തിലെന്നല്ല രാജ്‌ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോലും ഭക്തർ പ്രതിഷേധം നടത്തും.തൃപ്‌തി ദേശായിയെ തിരിച്ചയയ്‌ക്കാൻ സർക്കാർ തയ്യാറാകണം. പിണറായി വിജയൻ തന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.