കണ്ണൂർ:ശബരിമലയിൽ സുരക്ഷ കടുപ്പിക്കാൻ കണ്ണൂരിന്റെ ബോംബ് സ്‌ക്വാഡും. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന്റെ നേതൃത്വത്തിൽ യാത്രതിരിച്ച 117 അംഗ പൊലീസ് സ്‌ക്വാഡിനു പുറമെയാണ് അത്യാധുനിക സംവിധാനങ്ങളുള്ള ബോംബ് സ്‌ക്വാഡും ഇവിടെ നിന്ന് പുറപ്പെട്ടത്
12 ബോംബ് ഡിറ്റക്ടർ ആൻഡ് ഡിസ്‌പോസ് ടീമാണ് മലയിൽ പ്രത്യേക സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചില സംഘങ്ങളുൾപ്പടെ അക്രമത്തിന് നീങ്ങിയേക്കുമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ശബരിമലയിൽ ബോംബ് സ്‌ക്വാഡിനെ നിയോഗിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.
മൂന്ന് സി.ഐ മാർ,ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള 20 എസ്.ഐമാർ, നാല് വനിതാ പൊലീസുകാർ, 70 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പുറപ്പെട്ടത്. 30 വരെയാണ് ഇവർക്ക് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവിക്കു പുറമെ ടൗൺ സി.ഐ ടി.കെ. രത്നകുമാർ, തലശേരി കോസ്റ്റ് ഗാർഡ് സി.ഐ കെ. കുട്ടികൃഷ്ണൻ, ആലക്കോട് സി.ഐ കെ. സുരേഷ് കുമാർ എന്നിവരും സംഘത്തിലുണ്ട്.
സുരക്ഷാ കവചം, പ്രത്യേക തരം ഹെൽമറ്റ് എന്നിവ ധരിച്ചാണ് സംഘം ഡ്യൂട്ടി ചെയ്യുക. സാധാരണ സംഘർഷ പ്രദേശങ്ങളിൽ പൊലീസുകാരെ നിയമിക്കുമ്പോൾ ധരിക്കാറുള്ളവ ഇവിടെയും ഉപയോഗിക്കണമെന്നാണ് കർശന നിർദേശം.ശബരിമലയാത്രയ്ക്കുള്ള എല്ലാ വാഹനങ്ങൾക്കും പാസും കർശനമാക്കിയതോടെ ഇതിനുള്ള നിർദേശങ്ങൾ സ്റ്റേഷൻ എസ്.എച്ച്.ഒ മാർക്ക് കൈമാറിയിട്ടുണ്ട്. ശബരിമലയിൽ ജോലിക്ക് നിയോഗിക്കപ്പെടുന്നവരും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായി സർട്ടിഫിക്കറ്റ് വാങ്ങണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ പൊലീസുകാരെ മൂന്നു ഘട്ടങ്ങളായിട്ടാണ് ശബരിമലയിൽ നിയോഗിക്കുക. ആദ്യഘട്ടമെന്ന നിലയിലാണ് കണ്ണൂർ പൊലീസിനെ നിയോഗിച്ചത്.
ജില്ലയിലെ 40 പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസുകാരുടെ എണ്ണത്തിനനുസരിച്ചാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.
മണ്ഡലകാലത്തോടനുബന്ധിച്ച് കണ്ണൂരിലെ പ്രധാനകേന്ദ്രങ്ങളിലും സുരക്ഷ കർശനമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ള വി.ഐ.പികൾ പങ്കെടുക്കുന്ന പരിപാടികളും പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.