നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലുമായി എത്രയെത്ര അറിയാമരുന്നുകളുണ്ട്. അതായിരുന്നില്ലേ പണ്ടത്തെ മുത്തശ്ശിമാരുടെ വീട്ടുവൈദ്യം
.
ശ്വാസതടസത്തിന് കൊത്തമല്ലി
ഒരു സുഗന്ധവ്യഞ്ജനമെന്നതിനുപുറമെ ഷാമ്പൂ, മസാജ് ചെയ്യാനുള്ള എണ്ണ, മുറിവിനു വെച്ചുകെട്ടാനുള്ള കുഴമ്പ്, ദാഹശമനി എന്നീ നിലകളിലുള്ള ഉപയോഗത്തിനും മല്ലി ആവശ്യമാണ്. ശ്വാസകോശത്തെ ഉത്തേജിപ്പിച്ച് കഫത്തെ പുറന്തള്ളാൻ സഹായിക്കുന്നു. തലവേദനയ്ക്ക് മല്ലിയിലും ചന്ദനവും കൂട്ടിയരച്ച് നെറ്റിയിൽ ലേപനം ചെയ്യുക. മല്ലി പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കഴിച്ചാൽ മൂത്രതടസ്സം മാറും.
ഉലുവ പ്രമേഹമരുന്ന്
പ്രമേഹചികിത്സയിൽ ഉലുവയ്ക്കുള്ള പ്രാധാന്യം പ്രശസ്തമാണ്. പാൻക്രിയാസിൽ നേരിട്ട് പ്രവർത്തിച്ച് ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉല്പാദനം വർദ്ധിപ്പിക്കുന്നു എന്ന പ്രത്യേകത ഉലുവക്കുണ്ട്. ആരംഭഘട്ടത്തിൽ തന്നെ ഉപയോഗപ്പെടുത്തിയാൽ പ്രമേഹം പൂർണമായും ശമിപ്പിക്കുവാൻ ഉലുവക്ക് കഴിയുമെന്ന് അനുഭവമുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കുവാനും ഹൃദ്രോഹം പ്രതിരോധിക്കാനും സൈനസ് വീക്കം കുറക്കാനും ഉലുവയ്ക്ക് കഴിയുന്നു. ഇരുമ്പും കാത്സ്യവും ജീവകം എയും, സിയും, മാംസ്യവും ഉലുവയിൽ ധാരാളമടങ്ങിയിരിക്കുന്നു. ഉലുവയും ചെടിയുടെ മുറ്റാത്ത ഇലകളും തണ്ടുകളും പലതരം ഭക്ഷ്യവിഭവങ്ങളുണ്ടാക്കാൻ പുരാതനകാലം മുതൽക്കുതന്നെ ഇന്ത്യയിലുപയോഗപ്പെടുത്തിവന്നിരുന്നു. ഉലുവ വേവിച്ച് തേൻ ചേർത്തുപയോഗിച്ചാൽ ഉദരരോഗങ്ങൾ ശമിപ്പിക്കും.
ചുമയാണെങ്കിൽ ചുക്ക്
ചുക്കില്ലാത്ത കഷായമില്ല എന്ന ചൊല്ല് പ്രസിദ്ധമാണ്. സന്ധിവാതത്തിനു ചുക്ക് കഷായം വളരെ ഫലം ചെയ്യും. എത്ര ശക്തിയേറിയ ചുമയിലും ചുക്ക്, ഇരട്ടി ശർക്കര ഇവ രണ്ടും കൂടിയതിന്റെ ഇരട്ടി എള്ള് വറുത്തത് ഇവ നന്നായി യോജിപ്പിച്ച് 10 ഗ്രാം വീതം മൂന്നുനേരം കഴിച്ചാൽ ചുമ പൂർണമായും വിട്ടുമാറും. ദഹനക്കുറവ് ശമിക്കുവാനും ഇത് നല്ലതാണ്. നെയ്യ് ചൂടാക്കി ചുക്കുപൊടിയും ശർക്കരയും ചേർത്ത കുറുക്ക് രാവിലെ വെറും വയറിൽ കഴിക്കുക തലവേദനയും ചുമയും ജലദോഷവും ശമിക്കും. പ്രസവശേഷം ഉണ്ടാകുന്ന വായുക്ഷോഭത്തിന് ചുക്ക് വിശിഷ്ടമാണ്. തലവേദനയ്ക്ക് ചുക്ക് ആവണക്കിൻവേര്, കരിയാമ്പൂ ഇല ഇവ സമം ചേർത്തരച്ച് നെറ്റിയിൽ പുരട്ടണം.
കറ്റാർ വാഴ മുമ്പൻ
വളരെ ഔഷധഗുണമുള്ള കറ്റാർവാഴ നമ്മുടെ നാട്ടിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. മുറിവും വ്രണങ്ങളും പെട്ടെന്നു തന്നെ ഉണക്കാൻ കറ്റാർവാഴയ്ക്ക് കഴിവുണ്ട്. മുഖക്കുരുവിന് ഇതൊരു നല്ല ഔഷധമാണ്. ഇതിന്റെ ഔഷധയോഗ്യമായ ഭാഗം പോളയാണ്. കറ്റാർവാഴ പോളനീരു രണ്ടു നേരം നിത്യവും കഴിച്ചാൽ ആർത്തവത്തോടനുബന്ധിച്ചുള്ള വയറുവേദന ശമിക്കുന്നു. കരർ പ്ലീഹ രോഗങ്ങളിലും ഇതും നല്ലതാണ്. കറ്റാർവാഴ നീരിൽ പച്ചമഞ്ഞളരച്ച് കാലിൽ വെച്ചു കെട്ടിയാൽ കുഴിനഖം ശമിക്കും.
മാതളമുണ്ടെങ്കിൽ ക്ഷീണമില്ല
മാതളപ്പഴത്തിൽ ധാരാളം ജീവകം സി അടങ്ങിയിട്ടണ്ട്. കൂടാതെ ഇരുമ്പു സത്തും ഉൾക്കൊള്ളുന്നു. ഇതിന്റെ പഴച്ചാറ് സിറപ്പുകളുണ്ടാക്കാനും വൈനുണ്ടാക്കാനും ഉപയോഗിക്കുന്നു. ഉണങ്ങിയ വിത്ത് മസാലയായും ഔഷധമായും ഉപയോഗിക്കുന്നു. നാടവിരശല്യത്തിനു പ്രതിവിധിയായി ഇതിന്റെ ഉണക്കിപ്പൊടിച്ചതോട് ഉപയോഗിക്കുന്നു. ഇതിന്റെ തോട്, പൂക്കൾ, മരത്തൊലി എന്നിവയിൽ നിന്നും ചായങ്ങൾ ഉണ്ടാക്കുന്നുണ്ട്. വയറിലുണ്ടാക്കുന്ന ഒട്ടു മിക്ക രോഗങ്ങളിലും മാതളയല്ലി നല്ല മരുന്നാണ്. അതിസാരം, ആമാശയ കുടൽ രോഗങ്ങൾ, ദഹനക്കേട്, കൃമിരോഗങ്ങൾ എന്നിവയ്ക്ക് ഏറ്റവും ഫലപ്രദമാണ് മാതളം. മാതളം ശരീരക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. മാതളനീരിൽ തേൻ ചേർത്തുകഴിച്ചാൽ ഛർദ്ദി ശമിക്കുന്നതാണ്.