പത്തനംതിട്ട: പതിവിൽ നിന്നും വിപരീതമായി ശബരിമലയിൽ ഡ്യൂട്ടിയ്‌ക്കെത്തുന്ന പൊലീസുകാർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കി. കാക്കി യൂണിഫോം, തൊപ്പി, ബെൽറ്റ്, ഷൂസ്, ഷീൽഡ്, ലാത്തി എന്നിവ ധരിച്ചിരിക്കണമെന്ന് പൊലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പതിനെട്ടാം പടിയിലും സോപാനത്തും ജോലി ചെയ്യുന്നവർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുമുണ്ട്. അനിഷ്‌ട സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ നേരിടുന്നതിന് വേണ്ടിയും സുഗമമായ തീർത്ഥാടനം ഒരുക്കുന്നതിനും വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങളെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
അതേസമയം, ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശബരിമല നട തുറക്കാനിരിക്കെ തീർത്ഥാടകരുടെ പ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഇവിടെ എത്തിയിരുന്നു. എന്നാൽ ഇവരെ ഇന്ന് മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാവൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്. കാൽനടയായി എത്തിയ തീർത്ഥാടകരെ ഇന്ന് 10 മണിയോടെ കടത്തിവിട്ടതായി വിവരമുണ്ട്. അതേസമയം, എരുമേലി ടൗണിലും കണമല, മുക്കൂട്ടുതറ, എം.ഇ.എസ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിലെ എല്ലാ റോഡുകളിലും ജില്ലാ കളക്ടർ ഇന്ന് രാവിലെ ആറു മുതൽ ഏഴ് ദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ തുടങ്ങി എല്ലാവിധ കൂട്ടംകൂടലുകളും നിരോധിച്ചിട്ടുണ്ട്. തീർത്ഥാടകരുടെ വാഹനത്തിനോ,കാൽനട യാത്രയ്ക്കോ, മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിവയ്‌ക്കോ നിരോധനമില്ല.
അതിനിടെ ശബരിമലയിൽ നാലു ഘട്ടമായി 15,259 പൊലീസുദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ശബരിമലയും പരിസരവും ആറ് മേഖലകളായി തിരിക്കും. എസ്.പി, എ.എസ്.പി റാങ്കുള്ള 55 ഉദ്യോഗസ്ഥർ,113 ഡിവൈ.എസ്.പിമാർ, 359 ഇൻസ്പെക്ടർമാർ, 1,450 എസ്.ഐമാർ, 12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരെ വിന്യസിക്കും. 60 ഇൻസ്പെക്ടർ ഉൾപ്പെടെ 860 വനിതാ പൊലീസുമുണ്ട്.
20 വീതം കമാൻഡോകൾ സന്നിധാനത്തും പമ്പയിലുമുണ്ടാവും. അടിയന്തര സാഹചര്യം നേരിടാൻ തണ്ടർ ബോൾട്ടിന്റെ ഒരു പ്ലാറ്റൂണിനെ മണിയാറിൽ സജ്ജമാക്കി. 234 പേരുള്ള ബോംബ് സ്ക്വാഡിനെയും വിന്യസിച്ചു. റാപ്പിഡ് ആക്‌ഷൻ ഫോഴ്‌സിന്റെ രണ്ട് കമ്പനിയും ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളുമുണ്ട്. കർണാടക പൊലീസും എത്തിയിട്ടുണ്ട്.
നാല് സുരക്ഷാ ഘട്ടങ്ങൾ
ആദ്യഘട്ടം
നവംബർ 30വരെ:
3,450 പൊലീസ്
230 വനിതാപൊലീസ്
24 ഡിവൈ.എസ്.പി, 82 സി.ഐ, 349 എസ്.ഐ
രണ്ടാംഘട്ടം
നവംബർ 30-ഡിസംബർ 14:
3400 പൊലീസ്
230 വനിതാപൊലീസ്
26ഡിവൈ.എസ്.പി, 92 സി.ഐ, 312 എസ്.ഐ
മൂന്നാംഘട്ടം
ഡിസംബർ 14- 29
4026 പൊലീസ്
230 വനിതാപൊലീസ്
29 ഡിവൈ.എസ്.പി, 90 സി.ഐ, 389 എസ്.ഐ
നാലാംഘട്ടം
ഡിസംബർ 29- ജനുവരി 16:
4,383 പൊലീസ്
230 വനിതാപൊലീസ്
34 ഡിവൈ.എസ്.പി, 95 സി.ഐ, 400 എസ്.ഐ