sabarimala

കൊച്ചി: ശബരിമലയിലേക്കെത്തുന്ന യഥാർത്ഥ ഭക്തരെയും മാദ്ധ്യമപ്രവർത്തകരെയും തടയരുതെന്ന് ഹൈക്കോടതി. ശബരിമലയിലെ സർക്കാർ നടപടി സുതാര്യമാണെങ്കിൽ എന്തിനാണ് മാദ്ധ്യമങ്ങളെ തടയുന്നതെന്ന് കോടതി ചോദിച്ചു. വിശദമായ വിവരങ്ങൽ സത്യവാങ്മൂലത്തിൽ സമർപ്പിക്കണമെന്നും കോടതി നിർ‌ദ്ദേശിച്ചു.

അതേസമയം, ശബരിമലയിലേക്കെത്തിയ മാദ്ധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇന്നലെ മാദ്ധ്യമങ്ങളെ ശബരിമലയിലേക്ക് കടത്തിവിടാൻ അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ടിവി ചാനൽ സംഘങ്ങളെ ഇന്നലെ അർദ്ധരാത്രിയി​ൽ ശബരിമലയിൽ നിന്നു പൊലീസ് ഇറക്കിവിട്ടിരുന്നു. ജനം, ന്യൂസ് 18, അമൃത ടിവി തുടങ്ങിയ ദൃശ്യമാദ്ധ്യമ പ്രവർത്തകരെയാണ് അകാരണമായി ജാമ്യമില്ലാവകുപ്പിൽ കേസെടുക്കുമെന്ന ഭീഷണിമുഴക്കി പുറത്താക്കിയത്.

ഇവരെ സന്നിധാനത്തുനിന്നു പമ്പയിൽ എത്തിക്കുകയും അവിടെനിന്നു പൊലീസിന്റെ വാഹനത്തിൽ പത്തനംതിട്ടയിൽ എത്തിച്ചാണ് ഇറക്കിവിട്ടത്. അമൃത ടിവി സംഘം പത്ത് ദിവസമായി സന്നിധാനത്തുണ്ടായിരുന്നു. ജനം ടിവി ഇന്നലെ വൈകിട്ട് 6 മണിയുടെ വാർത്ത സന്നിധാനത്തുനിന്നു ലൈവായി സംപ്രേഷണം ചെയ്തതോടെയാണ് പൊലീസ് രംഗത്ത് എത്തുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പിയാണ് ആദ്യം സന്നിധാനത്തുനിന്നു പോകണമെന്ന നിർദ്ദേശം നൽകിയത്.