1.സന്നിധാനത്ത് എത്തുന്ന ഭക്തർക്കു മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്. പരമ്പരാഗത കാനന പാതയായ അഴുതയിലൂടെ വരുന്ന അയ്യപ്പ ഭക്തർക്ക് പ്രവേശന പാസ് ഏർപ്പെടുത്തി. പേരു വിവരങ്ങൾ രേഖപ്പെടുത്തി മാത്രമേ ഇതുവഴി ഭക്തരെ പ്രവേശിപ്പിക്കുന്നുള്ളൂ. ഭക്തരുടെ സുരക്ഷ മുൻനിറുത്തിയാണ് കടുത്ത നടപടികൾ എന്ന് പൊലീസ്. നിലയ്ക്കലിൽ നിന്ന് പാസില്ലെങ്കിൽ തിരിച്ചു വിടില്ലെന്ന് എസ്.പി യതീഷ് ചന്ദ്ര
2. എരുമേലിയിൽ നിന്ന് കാൽനടയായി കാനന പാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീർത്ഥാടകർക്ക് ആവും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുക. മതിയായ രേഖകൾ പരിശോധിച്ച ശേഷം പൊലീസ് തയ്യാറാക്കിയ പാസ് നൽകും. ഇതു ധരിച്ചു വേണം കാനന പാതയിലൂടെ തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പോകാൻ. സന്നിധാനത്ത് പൊലീസിന് ഡ്രസ്‌കോഡും നിർബന്ധമായിട്ടുണ്ട്. 18ാം പടിക്ക് താഴെ ജോലി ചെയ്യുന്നവർക്ക് ആണ് ഡ്രസ് കോഡ്
3. ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തിയ തൃപ്തി ദേശായിക്ക് അഞ്ച് മണിക്കൂർ പിന്നിട്ടിട്ടും നെടുമ്പാശ്ശേരി വിമാന താവളത്തിന് പുറത്തിറങ്ങാൻ ആയില്ല. വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനൽ വളഞ്ഞിരിക്കുക ആണ് പ്രതിഷേധക്കാർ. തൃപ്തിക്കു വാഹന സൗകര്യം നൽകില്ല എന്ന് ടാക്‌സി ഡ്രൈവർമാരും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ടാക്‌സി വിമാന താവളത്തിൽ എത്തി എങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങി
4. തൃപ്തിയ്ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. പലർച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തിൽ തൃപ്തി ദേശായി ഉൾപ്പെടെ ആറ് യുവതികൾ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാർ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് പോകാനായി ഇവർക്ക് വാഹനങ്ങൾ സജ്ജീകരിച്ചിട്ടില്ല. കാർഗോ ഗേറ്റ് വഴി പുറത്തിറക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. പൊലീസ് വാഹനത്തിൽ ഇവരെ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് പ്രതിഷേധക്കാർ
5. സുപ്രീകോടതി ഉത്തരവ് അനുസരിച്ചാണ് താൻ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്നും തൃപ്തി ദേശായി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആർ.എസ്.എസിന് ആയിരിക്കും. ഇതാണോ അച്ഛാദിൻ. അച്ഛാദിൻ എവിടെ എന്ന് മോദിയോട് തൃപ്തിയുടെ ചോദ്യം. തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.
6. ശബരിമല യുവതീ പ്രവേശന വിധിയിൽ സുപ്രീകോടതിയിൽ സാവകാശം തേടുമോ എന്ന കാര്യം യോഗത്തിനു ശേഷം പറയാം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. വിധി നടപ്പാക്കാൻ സാവകാശം തേടുമോ എന്നത് യോഗത്തിനു ശേഷം പറയും. ബോർഡ് വിശ്വാസികൾക്ക് ഒപ്പം എന്നും പദ്മകുമാർ. അതേസമയം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗത്തിൽ പങ്കെടുക്കുന്നില്ല
7. അതിനിടെ, മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാം എന്ന് കോടതി നിർദ്ദേശം. സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിലാണ് കേസ്. തുലാമാസ പൂജയ്ക്കിടെ ആന്ധ്രാ സ്വദേശിയായ മാദ്ധ്യമപ്രവർത്തക കവിതയ്‌ക്കൊപ്പം ആണ് രഹ്നാ ഫാത്തിമ ശബരിമലയിൽ ദർശനത്തിന് എത്തിയത്
8. മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറക്കും. തുടർന്ന് സന്നിധാനത്തേയും മാളിക പുറത്തേയും പുതിയ മേൽശാന്തിമാരായ വി.എൻ വാസുദേവ നമ്പൂതിരിയും എം.എൻ നാരായണ നമ്പൂതിരിയും ചുമതലയേൽക്കും. ഇരുമുടിക്കെട്ടുമായി പുതിയ മേഷശാന്തിമാരാവും ആദ്യം പതിനെട്ടാം പടി കയറുന്നത്
9. സുരക്ഷാ പ്രശ്‌നം കണക്കിൽ എടുത്ത് ഇലവുങ്കൽ മുതൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. രാത്രി നട അടച്ചാൽ തീർത്ഥാടകരെ സന്നിധാനത്ത് തുടരാൻ അനുവദിക്കില്ല എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. ശബരിമലയും സമീപ പ്രദേശങ്ങളും ആറു മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതായും പ്രതികരണം
10. അതിനിടെ, ശബരിമല തീർത്ഥാടനത്തിന് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ പേരടക്കമുള്ള വിവരങ്ങൾ ചോരരുതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തിൽ പൊലീസും കെ.എസ്.ആർ.ടി.സിയും ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസ് മേധാവി മുഖേന കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ ചോർന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിന് ആയിരിക്കുമെന്നും ഇതിൽ മുന്നറിയിപ്പ് നൽകുന്നു. ചിത്തിര ആട്ടവിശേഷത്തിനു നട തുറന്നപ്പോൾ ദർശനത്തിനെത്തിയ സ്ത്രീകളുടെ വിവരങ്ങൾ പ്രക്ഷോഭകർക്ക് ചോർന്നുകിട്ടിയത് പൊലീസിൽ നിന്നായിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർദേശം.