trupti-desai

കൊച്ചി: ശബരിമല ദർശനത്തിന് വേണ്ടി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ കേരളത്തിലേക്ക് വിളിച്ച് വരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്‌ണൻ ആരോപിച്ചു. കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോൺ രേഖകൾ പരിശോധിക്കണം. സംസ്ഥാനത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചതിന് തൃപ്‌തി ദേശായിയെ അറസ്‌റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പഭക്തന്മാരുടെ പ്രതിഷേധത്തിന് ബി.ജെ.പി കൈയ്യും മെയ്യും മറന്നുള്ള സഹായം നൽകുമെന്നും അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് മാദ്ധ്യമ പ്രവ‌ർത്തകരോട് വ്യക്തമാക്കി.

ബി.ജെ.പി നേതാവ് പി.കെ.കൃഷ്‌ണദാസും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. തൃപ്‌തി ദേശായി എവിടെ നിന്ന് വന്നുവോ അങ്ങോട്ടേക്ക് തന്നെ തിരിച്ച് പോകണമെന്ന് കൃഷ്‌ണദാസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിഥിയാണ് തൃപ്‌തി ദേശായി. ക്ഷണിച്ച് കൊണ്ടുവന്നവർ തന്നെ അവരെ തിരിച്ച് അയയ്‌ക്കണം. തൃപ്‌തിയെ തിരിച്ച് അയയ്‌ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സംസ്ഥാനത്തെ ക്രമസമാധാന നില വഷളാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകരുത്. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ അവസരമുണ്ട്. അത് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.